ഹോങ്കോംഗ്: ചൈനയുടെ ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഹോങ്കോംഗിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമത്തെ പിൻന്തുണച്ച് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ക്യാരി ലാം. നിയമം അർദ്ധ സ്വയം ഭരണ പ്രദേശത്തിന്റെ പൗരാവകാശങ്ങൾക്ക് ഭീഷണിയാകില്ലെന്നും ഹോങ്കോംഗ് ജനത അതോർത്ത് പേടിക്കേണ്ടതില്ലെന്നും ക്യാരി ലാം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. ഹോംങ്കോംഗിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും വലിയ നേട്ടത്തിനായി ഈ നിയമനിർമ്മാണം ആവശ്യമാണ് - ലാം പറഞ്ഞു.ചില വിദേശ രാഷ്ട്രീയക്കാർ നിയമനിർമ്മാണത്തെക്കുറിച്ച് അസത്യമായ അഭിപ്രായങ്ങൾ
പറയുന്നുണ്ടെന്ന് ക്യാരി അഭിപ്രായപ്പെട്ടു. വിശദാംശങ്ങൾ നൽകാൻ അവർ തയ്യാറായില്ല. നിയമനിർമ്മാണത്തെ അമേരിക്ക നിശ്ശിതമായി വിമർശിച്ചിരുന്നു. വ്യാപാരത്തിൽ ഹോങ്കോംഗിനുള്ള മുൻഗണനാ നിലവാരം പിൻവലിക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു.
ഇത് കൂടാതെ, ജൂൺ ഒന്ന് മുതൽ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാംരഭിക്കുമെന്നും എന്നാൽ, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശികൾക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കില്ലെന്നും ക്യാരി അറിയിച്ചു.