nasa
NASA

നാസ:ബഹിരാകാശ മനുഷ്യ ദൗത്യത്തിൽ അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഏറോ സ്‌പേസ് കമ്പനിയായ സ്പേസ് എക്സ് ചരിത്രം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നാസയുമായി ചേർന്ന് നടത്തുന്ന ദൗത്യത്തിൽ രണ്ട് യു. എസ് സഞ്ചാരികൾ കയറിയ ക്രൂ ഡ്രാഗൺ പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ അമേരിക്കൻ സമയം വൈകിട്ട് 4.32നാണ് ( ഇന്ത്യൻ സമയം നാളെ പുലർച്ചെ 2.03 മണിക്ക് )​ ആണ് വിക്ഷേപണം. കെന്നഡി നിലയത്തിൽ നിന്ന് 2011ന് ശേഷം നടക്കുന്ന ആദ്യത്തെ മനുഷ്യ ദൗത്യ വിക്ഷേപണമാണിത്. ഡെമോ - 2 എന്ന പേരിലാണ് ദൗത്യം. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ വിക്ഷേപണം മേയ് 30ന് മാറ്റും

ഫാൽക്കൺ റോക്കറ്റും മനുഷ്യ പേടകമായ ക്രൂ ഡ്രാഗണും നിർമ്മിച്ചത് സ്പേസ് എക്സ് ആണ്. സ്വകാര്യ ഏജൻസി മനുഷ്യരെ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന്റെ വിജയം വലിയ കുതിച്ചു ചാട്ടമായിരിക്കും. നാസയുടെ ഡഗ്ലസ് ഹർലി,​ ബോബ് ബെൻകെൻ എന്നിവരാണ് സഞ്ചാരികൾ. ഹർലിയാണ് കമാൻഡർ.

ഇന്നത്തെ പരിപാടി

@വിക്ഷേപണത്തിന് അഞ്ച് മണിക്കൂർ മുമ്പ് ബെൻകെനും ഹർലിയും ടെസ്‌ല മോഡൽ എക്‌സ് ഇലക്‌ട്രിക് കാറിൽ ക്രൂ ക്വാർട്ടേഴ്‌സിൽ എത്തും.

@സഞ്ചാരികൾ അത്യാധുനിക സ്പേസ് സ്യൂട്ട് ധരിച്ച് തയ്യാറെടുക്കും. സഞ്ചാരികളുടെ ഹെൽമറ്റ് ത്രീ ഡി പ്രിന്റിംഗിൽ നിർമ്മിച്ചതാണ്

@വിക്ഷേപണത്തിന് രണ്ടേകാൽ മണിക്കൂർ മുമ്പ് സഞ്ചാരികൾ എലിവേററിലൂടെ ഫാൽക്കൺ റോക്കറ്റിന്റെ ഉച്ചിയിലുള്ള ക്രൂഡ്രാഗൺ പേടകത്തിൽ കയറും

@ 25 മിനിറ്റിന് ശേഷം പേടകം അകത്ത് നിന്ന് ലോക്ക് ചെയ്യും.

@വൈകിട്ട് 4.32ന് വിക്ഷേപണം. രണ്ട് മിനിറ്റും 30 സെക്കൻഡും കഴിയുമ്പോൾ റോക്കറ്റിന്റെ ഒന്നാം ഘട്ടം വേർപെടും

@ഒന്നാം ഘട്ടം ഭൂമിയിൽ ലാ‌ൻഡ് ചെയ്യാനായി മ‌ടക്ക യാത്ര. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് എന്ന ഇലോൺ മസ്കിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ഈ ഘട്ടം നിർണായകമാണ്.

@ഒന്നാം ഘട്ടം ഭൂമിയിൽ നാല് കാലിൽ ലാൻഡ് ചെയ്യും.

@ ഇതിനിടെ ബഹിരാകാശത്ത് രണ്ടാംഘട്ട എൻജിൻ ജ്വലിപ്പിച്ച് ക്രൂഡ്രാഗൺ കുതിക്കും.

@ആറ് മിനിറ്റ് കഴിയുമ്പോൾ രണ്ടാം ഘട്ടം വേ‌പെടും.

@ബാഹ്യ കവചം പോലുള്ള സോളാർ പാനലിലെ ഊ‌ർജ്ജത്തിൽ പേടകം മുന്നോട്ട്

@ക്രൂഡ്രാഗൺ അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്ന 400 കിലോമീറ്റർ ഉയരത്തിൽ എത്തും

@ സാവധാനം നിലയത്തിന് സമീപത്തേക്ക് നീങ്ങി നിലയത്തിന്റെ ഹാർമണി മോഡ്യൂളിൽ സന്ധിക്കും

@വിക്ഷേപണത്തിന് ശേഷം 18 മണിക്കൂറും 56 മിനിട്ടും ആകുമ്പോൾ അമേരിക്കൻ സമയം 28ന് രാവിലെ 11 . 29ന് ( ഇന്ത്യൻ സമയം രാത്രി 8.59ന് )​ ആണ് ഡോക്കിംഗ് @തുടർന്ന് ക്രൂഡ്രാഗൺ പേടകത്തിന്റെ ലോക്ക് തുറന്ന് രണ്ട് സഞ്ചാരികൾ നിലയത്തിൽ പ്രവേശിക്കും. സഞ്ചാരികൾ

@ഡഗ്ലസ് ജെറാൾഡ് ഹ‌ർലി ( 53 )

എൻജിനിയർ

മുൻ മറൈൻ പൈലറ്റ്

2000 മുതൽ നാസയിൽ

എൻഡവർ, അറ്റ്ലാന്റിസ് സ്പേസ് ഷട്ടിൽ ദൗത്യങ്ങളിൽ കമാൻഡർ

ഭാര്യ - മുൻ ബഹിരാകാശ സഞ്ചാരി കരേൻ നൈബെർഗ്

@റോബർട്ട് എൽ. ബെൻകെൻ ( 49)​

മെക്കാനിക്കൽ എൻജിനിയറിഗിൽ ഡോക്‌ടറേറ്റ്

യു. എസ് വ്യോമസേനയിലെ മുൻ കേണൽ

2000 മുതൽ നാസയിൽ

എൻഡവർ സ്പേസ് ഷട്ടിലിന്റെ മൂന്ന് ദൗത്യങ്ങളിൽ പങ്കെടുത്തു

37 മണിക്കൂ‌ർ ബഹിരാകാശ നടത്തം

ഭാര്യ - മുൻ ബഹിരാകാശ സഞ്ചാരി മേഗൻ മക്കാർതർ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡർ ക്രിസ് കാസിഡി തിങ്കളാഴ്‌ച നിലയത്തിൽ നിന്നുള്ള ഒരു ലൈവ് ഇന്റർവ്യൂവിൽ ക്രൂ ഡ്രാഗൺ സഞ്ചാരികളെ സ്വാഗതം ചെയ്‌തു.