un-peace-mission
UN PEACE MISSION

ജനീവ: യു.എൻ സമാധാന ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയ്ക്ക്‌ യു.എൻ പുരസ്കാരം. മേജർ സുമൻ ഗവാനിക്കാണ് 2019ലെ യുണൈറ്റഡ് നേഷൻസ് മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഒഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത്. കാർല മൊന്റയ്‌റോ ദെ കാസ്‌ട്രോ അറൗജോ എന്ന ബ്രസീലിയൻ വനിത കമാൻഡറും ഇവർക്കൊപ്പം പുരസ്‌കാരം പങ്കിടുന്നുണ്ട്. നിലവിൽ സൗത്ത് സുഡാനിലെ യു.എൻ മിഷന്റെ ഭാഗമായി മിലിട്ടറി ഒബ്‌സർവറായി പ്രവർത്തിക്കുകയാണ് സുമൻ ഗവാനി.

ശക്തരായ റോൾ മോഡലുകൾക്ക് യു.എൻ നൽകുന്ന അവാർഡാണിത്. ഇതാദ്യമായാണ് യു.എന്നിന്റെ ഈ സുപ്രധാനമായ പുരസ്‌കാരം രണ്ട് വനിതകൾ പങ്കിടുന്നത്. മാത്രമല്ല ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയാണ് സുമൻ ഗവാനി. മെയ് 29ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. യു.എൻ സെക്രട്ടറി ജനറൽ ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പദ്ധതികൾ തയ്യാറാക്കാൻ സുഡാൻ സർക്കാരിനെ സഹായിക്കുക എന്ന പ്രവർത്തനവും ഇവരുടെ ജോലിയുടെ ഭാഗമാണ്.2011-ലാണ് സുമൻ ഇന്ത്യൻ സൈന്യത്തിൽ അംഗമായത്. ഓഫീസേഴ്‌സ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷം ആർമി സിഗ്നൽ കോർപ്‌സിൽ ആണ് സൈനികസേവനം തുടങ്ങിയത്.