മാധവിക്കുട്ടിയെ ഓർക്കുമ്പോൾ മനസിൽ നിറയുന്നത്, പൂത്തുലഞ്ഞു നിൽക്കുന്ന നീർമാതളമരമാണ്. പതിനാല് വർഷങ്ങൾക്ക് മുമ്പാണ് 'നീർമാതളത്തിന്റെ പൂക്കൾ" ചെയ്തത്. ചിത്രീകരണം തുടങ്ങിയത് പുന്നയൂർക്കുളത്തെ നീർമാതളച്ചോട്ടിലായിരുന്നു. നാലപ്പാട്ട് തറവാട് നിലനിന്നിരുന്ന സ്ഥലം. ക്ലൈമാക്സ് സീനാണ് ആദ്യം ചിത്രീകരിച്ചത്. തറവാട്ടിൽ നിന്നും മടങ്ങിപ്പോകുന്നതിനിടയിൽ മാധവിക്കുട്ടി തിരിഞ്ഞോടി നീർമാതളച്ചോട്ടിലേക്ക് വരികയും അവളുടെ നെറുകയിൽ ഒരു നീർമാതളപ്പൂവ് അടർന്നു വീഴുകയും അത് മുത്തശ്ശിയുടെ കരസ്പർശമായി അവൾ അനുഭവിക്കുകയും ചെയ്യുന്ന രംഗം.
ഒരു മാസം മുമ്പ് ലൊക്കേഷൻ കാണാൻ ചെന്നപ്പോൾ നിറയെ പൂക്കളുള്ള നീർമാതള മരമാണ് കണ്ടത്. പക്ഷേ, ചിത്രീകരിക്കാനായി എത്തിയപ്പോൾ ഒറ്റപ്പൂവില്ല. അന്നത്തെ എന്റെ പ്രവൃത്തിപരിചയക്കുറവുകൊണ്ടാകാം ഇങ്ങനെയൊരവസ്ഥയെ കുറിച്ചൊരു ദീർഘവീക്ഷണവും ഉണ്ടായിരുന്നില്ല. മരത്തിന്റെ മുകളിൽ നിന്ന് ഞെട്ടറ്റു വീഴുന്ന പൂവിനെ ഫോളോ ചെയ്യുന്ന ക്രെയിൻ മൂവ്മെന്റ് ഒക്കെയായിരുന്നു ആലോചിച്ചിരുന്നത്. 'എന്ത് ചെയ്യും?"ഞങ്ങൾ പരസ്പരം നോക്കി. ഷോട്ട്സ് എല്ലാം പ്ലാൻ ചെയ്തതുപോലെ ചെയ്തിട്ട് പൂവ് മാത്രം കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ചെയ്യാം. അതു മാത്രമാണ് പ്രായോഗികമായ പോംവഴിയെങ്കിലും 'നീർമാതളത്തിന്റെ പൂക്കളി"ലെ 'പൂവുകൾ" ആനിമേറ്റഡ് ആകുന്നതിലുള്ള അതൃപ്തി മനസിലൊരു വിങ്ങലായി. 'കോംപ്രമൈസ്" എന്ന വാക്കിന്റെ അർത്ഥം എത്രയേറെ വേദനയുളവാക്കുന്നതാണെന്ന് അറിഞ്ഞ നിമിഷം.
നീർമാതളച്ചോട്ടിലെ നാഗപ്രതിഷ്ഠയുടെ മുന്നിൽ വച്ച് ചെറിയൊരു സ്വിച്ച് ഓൺ കർമ്മം. തുടർന്ന് യൂണിറ്റും കാമറയും മാധവിക്കുട്ടിയായി അഭിനയിക്കുന്ന പ്രവീണയും ആദ്യഷോട്ടിന് തയ്യാറായി. മോണിറ്ററിന് മുന്നിലിരുന്ന് ഞാൻ 'ആക്ഷൻ" പറഞ്ഞു. നീർമാതളമരത്തിലെ പച്ചിലച്ചാർത്തുകൾക്കിടയിലൂടെ പ്രവീണയുടെ മുഖത്തേക്ക് കാമറ ഒഴുകിയിറങ്ങി. ഫ്രെയിമിലാരോ വെള്ളം തളിച്ചതുപോലെ! മുഖമുയർത്തി നോക്കിയപ്പോൾ മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിന്നും കാമറയേയും മറ്റും സംരക്ഷിക്കാനായി യൂണിറ്റംഗങ്ങൾ പരക്കം പായുകയാണ്. നേരമിരുളും വരെ ഞങ്ങളവിടെയിരുന്നു. അന്ന് ആ മഴ തോർന്നില്ല. ഷൂട്ടിംഗ് മുടങ്ങി. ഉറക്കം വരാത്ത ആ രാത്രിയിൽ ആകെ നിരാശനായി ഞാൻ മാധവിക്കുട്ടിയമ്മയെ വിളിച്ചു. മാധവിക്കുട്ടി അന്ന് കൊച്ചിയിലുണ്ട്. ഫോണിന്റെ മറുതലയ്ക്കൽ മാധവിക്കുട്ടിയുടെ ശബ്ദം ''ല്ലാം ശര്യാവും കുട്ട്യേ!""
പ്രസന്നമായ പ്രഭാതമായിരുന്നു പിറ്റേന്ന്. ഷൂട്ടിംഗിന് തയ്യാറായി നീർമാതളച്ചോട്ടിലെത്തിയ ഞങ്ങളെല്ലാവരും വിസ്മയത്തോടെ ആ കാഴ്ച നോക്കി നിന്നു. പൂവുകൾ! നീർമാതളമരത്തിലാകെ പുതുപൂവുകൾ! 'സ്വപ്നങ്ങൾ പൂക്കുന്ന കാട്" എന്ന എന്റെ പുതിയ സിനിമയുമായി ഈ അനുഭവക്കുറിപ്പിന് നേരിട്ട് ബന്ധമൊന്നുമില്ല. എന്നാൽ ഈ അനുഭവമുണ്ടായിരുന്നില്ലെങ്കിൽ ഈ ചലച്ചിത്രം ഉണ്ടാകുമായിരുന്നില്ല. ഇലഞെട്ടിൽ ഒരു തുള്ളിവെള്ളം വീണാൽ പൂവിടരുന്ന ഒരു അത്ഭുതമരം 'സ്വപ്നങ്ങൾ പൂക്കുന്ന കാടി"ലുണ്ട്.