bear-and-the-kid
BEAR AND THE KID

റോം: കരടിയല്ല ഒരാന വന്നാലും ഞാൻ അനങ്ങില്ല, പറയുന്നത് ഇറ്റലിക്കാരനായ അലക്സാൻഡ്രോ എന്ന പന്ത്റണ്ട് കാരനാണ്. പറയുക മാത്രമല്ല കാണിച്ചും തന്നു ഈ മിടുക്കൻ. അടുത്തിടെ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ അലക്സാൻഡ്രോയുടെ മുന്നിൽ ഒരു കരടിയെത്തി. മലഞ്ചെരിവിലൂടെ നടക്കുകയായിരുന്ന അലക്സാൻഡ്രോയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന കരടി പിൻന്തുടരുകയായിരുന്നു. കരടിയുടെ സാന്നിദ്ധ്യം മനസിലാക്കിയ അലക്സാൻഡ്രോ ബുദ്ധിപൂർവം

കരടിയെ കണ്ടഭാവം നടിക്കാതെ നടന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ബന്ധുക്കളാരോ പകർത്തുകയും ചെയ്തു. കുറച്ച് നേരം കുട്ടിയെ പിൻതുടർന്ന ശേഷം കരടി അതിന്റെ പാട്ടിന് പോവുകയും ചെയ്തു.

 പഠിച്ചത് ഇന്റർനെറ്റിൽ നിന്ന്

ലോക്ക് ഡൗൺ മൂലം വീട്ടിലിരുന്ന് ബോറടിച്ച അലക്സാൻഡ്രോ വന്യമൃഗങ്ങൾ മുന്നിൽപ്പെട്ടാൽ എങ്ങനെ രക്ഷപ്പെടാം എന്ന് ഇന്റർനെറ്റിൽ നോക്കി പഠിച്ചിരുന്നു.

കരടിയെ മുന്നിൽ കണ്ടതോടെ പഠിച്ച വിദ്യകൾ പരീക്ഷിച്ച് നോക്കാൻ ഒരു അവസരവുമായി.'അവൻ മൃഗസ്നേഹിയാണ്. അന്ന് അവന്റെ പുറകെ കരടി വരുന്നത് കണ്ട് ഞാനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഭയന്നു വിറച്ചു. പർവത പ്രദേശമായതിനാൽ ആൾസഞ്ചാരവും കുറവായിരുന്നു. എന്നാൽ, അവൻ കൂളായിരുന്നു. - അലക്സാൻഡ്രോയുടെ അമ്മാവനായ ഫെഡറിക്കോ പറഞ്ഞു.

ഞാൻ അതിന്റെ കണ്ണുകളിലേക്ക് നോക്കിയില്ല. അവന് മനസിലായി ഞാൻ ശത്രുവല്ലെന്ന്. ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തോഷവാനായ കുട്ടി ഞാനാണ് - അലക്സാൻഡ്രോ