covid
COVID

റിയാദ്: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച്

ഗൾഫ്‌ രാജ്യങ്ങൾ. സൗദി അറേബ്യയും യു.എ.ഇയും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി. സൗദിയിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ഹാജരാകുന്നതിനുള്ള നിയന്ത്രണം മന്ത്രാലയം നീക്കി. നാളെ മുതൽ എല്ലാവർക്കും ജോലിക്ക് ഹാജരാകാം. രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. ദുബായിലെ യാത്രാ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇന്നു മുതൽ രാവിലെ 6 മുതൽ രാത്രി 11വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമില്ല.

സൗദിയിലെ പള്ളികളിൽ ജമാഅത്ത് നമസ്കാരങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് വരുത്തും. ഈ മാസം 31 മുതൽ ജൂൺ 20 വരെ ജുമുഅ , ജമാഅത്തുകൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകും.അതേസമയം, മക്കയിൽ ഒരിടത്തും നമസ്കാരങ്ങൾക്ക് അനുമതിയില്ല.

യു.എ.ഇയിൽ പരീക്ഷ ആരംഭിച്ചു

യു.എ.ഇയിൽ ഒമ്പത് കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു.
ഗൾഫ് നാടുകളിൽ യു.എ.ഇയിൽ മാത്രമാണ് പരീക്ഷാ കേന്ദ്രങ്ങൾ. യു .എ. ഇ സമയം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് പരീക്ഷ ആരംഭിച്ചത്. കർശനമായ ആരോഗ്യ മാനദണ്ഡങ്ങളോടെയാണ് പരീക്ഷ.