തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തി നേടി. മുഖ്യമന്തി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. പാലക്കാട് -29, കണ്ണൂര്‍-എട്ട്, കോട്ടയം -ആറ്, മലപ്പുറം, എറണാകുളം-5,തൃശൂര്‍, കൊല്ലം -നാല്, കാസര്‍കോട് ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 6 പേർ മരിച്ചു. ക്വാറന്റെെനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു.
സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു. 963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 104333 പേർ.103528 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 808 പേർ ആശുപത്രികളിൽ. പുതുതായി ഒമ്പത് ഹോട്ട് സ്‌പോട്ടുകൾ.
ഇന്ന് പോസ്റ്റീവായവരില്‍ 27 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത്-അഞ്ച്, കര്‍ണാടക -രണ്ട്, പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു.
വിദേശത്തുള്ള പ്രവാസികൾക്കായി കൂടുതൽ വിമാനങ്ങൾ കേന്ദ്രം അനുമതി നൽകി. ആളുകളെ കൊണ്ടു വരുമ്പോൾ മുൻഗണനാ വിഭാഗങ്ങളിൽ നിന്നുള്ളവരെ ആദ്യം പരിഗണിക്കണം. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സർക്കാർ അതിനുവേണ്ട നടപടികൾ സ്വീകരിക്കും. വിദേശങ്ങളിലടക്കം വിവിധയിടങ്ങളിലുള്ള മലയാളികളെ എല്ലാം നാട്ടിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും ഇത് ഒറ്റയടിക്ക് സാദ്ധ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരികെ വരാൻ ആഗ്രഹിക്കുന്നവരെ എല്ലാം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പ്രവാസികളാകെ ഒന്നിച്ച് എത്തിയാൽ വലിയ പ്രശ്നമുണ്ടാകും.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം സഹോദരങ്ങൾ വരാൻ തുടങ്ങിയതോടെ കേരളം കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. സർക്കാർ നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണത്തിനും എം.പിമാരോടും എം.എൽ.എമാരോടും വീഡിയോ കോൺഫറൻസ് നടത്തി. സർക്കാർ നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണ അറിയിച്ചു.
വിദേശത്ത് നിന്ന് 1.34 ലക്ഷം പേർ തിരികെ വരാൻ രജിസ്റ്റർ ചെയ്തു. 11000 പേർ സംസ്ഥാനത്ത് എത്തി. പ്രവാസികൾക്കായി ചില ക്രമീകരണങ്ങൾ വേണം. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളിൽ നിന്നടക്കം ആളുകൾ വരുന്നു. മറ്റിടങ്ങളിൽ നിന്ന് ആളുകൾ വരുന്നതിന് മുൻപ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 പേരാണ്. എന്നാലിന്നലെ 415 പേരായി ചികിത്സയിൽ.
യുഎഇയിൽ നിന്നും കുവൈറ്റിൽ നിന്നും കൂടുതൽ രോഗികൾ. തീവ്ര മേഖലയിൽ നിന്നെത്തുന്നവരെ കരുതലോടെ സ്വീകരിക്കും. ആരെയും പുറന്തള്ളില്ല. അതിനാണ് സർക്കാറിന്രെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നത്. രജിസ്ട്രേഷൻ ചെയ്യുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിന് ഇത് ഒഴിച്ചുകൂടാനാവില്ല. മറ്റ് പോംവഴികളില്ല.
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണമുണ്ട്. വിവാഹത്തിന് പരമാവധി 50 പേർക്കും മരണത്തിന് 20 പേർക്കുമേ പങ്കെടുക്കാവൂ. ഇത് ലംഘിക്കപ്പെടുന്നുണ്ട്. ആരോഗ്യപ്രവർത്തകർ സുരക്ഷാ മാനദണ്ഡം കർശനമായി പാലിക്കണം. അവർക്ക് വൈറസ് ബാധയുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.