മഡ്രിഡ്(സ്പെയിൻ): 80ദിവസങ്ങൾ മരണത്തോട് മല്ലിട്ട് ആശുപത്രിയിലെ കൊവിഡ് വാർഡിൽ, പലപ്പോഴും അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ടു. ഒടുവിൽ 71കാരി റോസ മരിയ ഫെർണാണ്ടസ് ജീവിതത്തിലേക്ക് തിരികെ നടക്കുമ്പോൾ സ്പെയിനിലെ ആരോഗ്യപ്രവർത്തകർക്കും അത് അഭിമാനനിമിഷം. മാർച്ച് ആറിനാണ് ശ്വാസതടസത്തെ തുടർന്ന് റോസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്കകം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അന്നുമുതൽ ആരോഗ്യപ്രവർത്തകർ കൃത്യമായി പരിചരിച്ചു. സ്പെയിനിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 2,35,000 പേരിൽ ഒരാളായിരുന്നു റോസയും. മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ റോസയ്ക്കിപ്പോൾ എഴുന്നേറ്റുനടക്കാനും സംസാരിക്കാനും കഴിയും. ‘‘ഒരാഴ്ച മുമ്പ് എഴുന്നേൽക്കാനോ സംസാരിക്കാനോ സാധിക്കുമായിരുന്നില്ല. ഇപ്പോൾ എനിക്കതിനു കഴിയുന്നുണ്ട്. അതിയായ സന്തോഷം തോന്നുന്നു’’-റോസ പറയുന്നു. ‘‘ഓരോ തവണ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മരിക്കുകയാണെന്നു തന്നെ ഉറപ്പിച്ചു. ഒരാളോട് പോലും എന്റെ അവസ്ഥയെ കുറിച്ച് പറയാൻ പറ്റിയില്ല. ഭയാനകമായ ആ ദിനങ്ങൾ കടന്നുപോയിരിക്കുന്നു. മരണത്തിന്റെ മാലാഖ എന്നെ വിട്ടുപോയി. ദൈവം എനിക്ക് കുറച്ചുകൂടി സമയം നൽകിയിരിക്കുന്നു‘‘ -കടന്നുപോയ നാളുകളെക്കുറിച്ച് അവർ ഓർത്തെടുത്തു.