rosa-maria-fernandes
ROSA MARIA FERNANDES

മഡ്രിഡ്​(സ്​പെയിൻ): 80ദിവസങ്ങൾ മരണത്തോട് മല്ലിട്ട് ആശുപത്രിയിലെ കൊവിഡ് വാർഡിൽ, പലപ്പോഴും അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ടു. ഒടുവിൽ 71കാരി റോസ മരിയ ഫെർണാണ്ടസ് ജീവിതത്തിലേക്ക് തിരികെ നടക്കുമ്പോൾ സ്പെയിനിലെ ആരോഗ്യപ്രവർത്തകർക്കും അത് അഭിമാനനിമിഷം. മാർച്ച്​ ആറിനാണ്​ ശ്വാസതടസത്തെ തുടർന്ന്​​ റോസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ദിവസങ്ങൾക്കകം കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു. അന്നുമുതൽ ആരോഗ്യപ്രവർത്തകർ കൃത്യമായി പരിചരിച്ചു. സ്​പെയിനിൽ കോവിഡ്​ സ്​ഥിരീകരിക്കപ്പെട്ട 2,35,000 പേരിൽ ഒരാളായിരുന്നു റോസയും. മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ റോസയ്ക്കിപ്പോൾ എഴുന്നേറ്റുനടക്കാനും സംസാരിക്കാനും കഴിയും. ‘‘ഒരാഴ്​ച മുമ്പ്​ എഴുന്നേൽക്കാനോ സംസാരിക്കാനോ സാധിക്കുമായിരുന്നില്ല. ഇപ്പോൾ എനിക്കതിനു കഴിയുന്നുണ്ട്​. അതിയായ സന്തോഷം തോന്നുന്നു’’-റോസ പറയുന്നു. ‘‘ഓരോ തവണ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മരിക്കുകയാണെന്നു തന്നെ ഉറപ്പിച്ചു. ഒരാളോട്​ പോലും എ​​ന്റെ അവസ്ഥയെ കുറിച്ച്​ പറയാൻ പറ്റിയില്ല. ഭയാനകമായ ആ ദിനങ്ങൾ കടന്നുപോയിരിക്കുന്നു. മരണ​ത്തിന്റെ മാലാഖ എന്നെ വിട്ടുപോയി. ദൈവം എനിക്ക്​ കുറച്ചുകൂടി സമയം നൽകിയിരിക്കുന്നു‘‘ -കടന്നുപോയ നാളുകളെക്കുറിച്ച് അവർ ഓർത്തെടുത്തു.