ഇസ്ലാമാബാദ്: മരിച്ചിട്ടും സൈബർ കൊലയാളികളിൽ നിന്ന് മോചനം ലഭിക്കുന്നില്ല സാറയ്ക്ക്. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിൽ നടന്ന വിമാനാപകടത്തിൽ ജീവൻ നഷ്ടമായവരിൽ ഒരാളാണ് പാക് മോഡലായ സാറ ആബിദ്. പരമ്പരാഗത കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് മോഡലിംഗ് രംഗത്ത് വെന്നിക്കൊടി പാറിച്ച സാറ ആദ്യം മുതൽ തന്നെ സദാചാര ആക്രമണം നേരിട്ടിരുന്നു. ഇപ്പോൾ, സാറയുടെ വസ്ത്രധാരണവും അധാർമിക ജീവിതവുമൊക്കെയാണ് മരണകാരണമെന്നു പറഞ്ഞാണ് ഓൺലൈൻ സദാചാരക്കാർ സൈബർ ആക്രമണം നടത്തുന്നത്.സാറയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലെല്ലാം അസഭ്യവർഷം നിറഞ്ഞിരുന്നു. സാറ ശരീരം പ്രദർശിപ്പിക്കുന്ന വിധത്തിൽ വസ്ത്രങ്ങൾ ധരിച്ചെന്നും അതിനാണ് അർഹിക്കുന്ന ശിക്ഷ കിട്ടയതെന്നും കമന്റുകളുണ്ട്.
മരിക്കുന്നതിന് മുൻപ് വിമാനത്തിലിരിക്കുന്ന ചിത്രം ''ഉയരെ പറക്കുക' എന്ന അടിക്കുറിപ്പോടെ സാറ പോസ്റ്റ് ചെയ്തിരുന്നു. മരണശേഷം ഈ ചിത്രം വൈറലായിരുന്നു.
സൗന്ദര്യ സങ്കൽപങ്ങളെ കാറ്റിൽ പറത്തി മോഡലിഗ് രംഗത്ത് ഉദിച്ചുയർന്ന താരമായിരുന്നു സാറ. ഇരുണ്ട നിറക്കാർക്ക് മുന്നിൽ മോഡലിംഗ് ലോകത്തിന്റെ വാതിൽ കൊട്ടിയടക്കപ്പെടില്ലെന്നതിന് ഉദാഹരണമാകണം താനെന്ന് അവർ എപ്പോഴും പറഞ്ഞിരുന്നു.