ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുമായി സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ തലവൻമാരും യോഗത്തിൽ പങ്കെടുത്തു. സംഘർഷ സാഹചര്യമാണ് യോഗത്തിൽ പ്രധാനമായും ചർച്ചചെയ്തത്. അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇൗമാസം ആദ്യവാരം മുതൽ തുടങ്ങിയ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.
ലഡാക്ക് മേഖലയിൽ മാത്രം അയ്യായിരത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയും ഈ പ്രദേശത്തേക്ക് കുടുതൽ സൈനികരെ അയയ്ക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കമാൻഡർമാരുടെ ചർച്ചകൾ ഇരുരാജ്യങ്ങൾക്കിടയിലും നടന്നെങ്കിലും ഇതുവരെ യാതൊരു പരിഹാരവുമുണ്ടായില്ല. തുടർന്ന് കരസേനാ മേധാവി എം.എം നർവാനെ ലേ സന്ദർശിക്കുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രദേശത്തേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ തുടർനടപടികൾ ഉന്നതതലയോഗത്തിൽ ചർച്ചചെയ്തു എന്നാണ് റിപ്പോർട്ട്.