keralakaumudi

ന്യൂഡൽഹി: കേരളകൗമുദിയിൽ വിരൽത്തുമ്പു തൊട്ട്,​ വിശാലവായനയുടെ പുതുലോകത്തേക്ക് മലയാളത്തിന്റെ ഹരിശ്രീ. വാർത്തകളുടെ അക്ഷരരൂപത്തിന് കേൾവിയുടെയും വാർത്താ കാഴ്‌ചയുടെയും ആധുനികമാനം നൽകുന്ന ഇന്ത്യയിലെ ആദ്യ മൾട്ടി മീഡിയ ന്യൂസ് പേപ്പർ ആയ കേരളകൗമുദി എക്‌സ്റ്റൻഡഡ് ഇ- പേപ്പ‌ർ കേന്ദ്ര വാർത്താ വിതരണ,​ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ ലോകത്തിനു സമർപ്പിച്ചു. ഇ- പേപ്പറിന്റെ അന്താരാഷ്‌ട്ര ലോ‍ഞ്ചിംഗ് അദ്ദേഹം നിർവഹിച്ചു.


മാദ്ധ്യമരംഗത്ത് 109 വർഷത്തെ ദീർഘപാരമ്പര്യവും നാലു തലമുറകൾ കടന്ന വിശ്വാസ്യതയും കൊണ്ട് മലയാളികളുടെ വാർത്താ സങ്കല്പത്തെ ആഴത്തിൽ സ്വാധീനിച്ച കേരളകൗമുദിയിൽ നിന്ന് മാറിയ കാലത്തിന്റെ മുഖവും മുദ്ര‌യുമായാണ് ഡിജിറ്റൽ മീഡിയയുടെ അനന്തസാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന എക്‌സ്റ്റൻഡഡ് ഇ- പേപ്പർ പ്രസിദ്ധീകരിക്കപ്പെടുന്നത്. കേരളകൗമുദിയുടെ വളർച്ചയിലും മാദ്ധ്യമരംഗത്തും സുപ്രധാന നാഴികക്കല്ലാണ് മൾട്ടി മീഡിയ ഇ- പേപ്പർ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രകാശ് ജാവദേക്കർ പറഞ്ഞു.

ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ സംസാരിക്കുകയും വായിക്കുകയും ചെയ്യുന്നതാണ് പുതിയ തലമുറയുടെ മാറിയ ശീലം. തിരക്കുകൾക്കിടെ വാർത്താവായനയ്‌ക്ക് സമയമില്ലാത്ത പുതുതലമുറയ്‌ക്കു പുറമെ,​ പത്രവായനയ്‌ക്കൊപ്പം യാത്രാവേളയിലും മറ്റും വാർത്തകൾ സൗകര്യപൂർവം കേൾക്കാനും അവയുടെ വീഡിയോ രൂപം കാണാനും താത്‌പര്യപ്പെടുന്നവർക്കും വേണ്ടിയാണ് ഓഡിയോ,​ വീഡിയോ രൂപങ്ങൾ കൂടി ഉൾച്ചേർത്ത കേരളകൗമുദി ഇ- പേപ്പർ. മദ്ധ്യ ഏഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ലക്ഷക്കണക്കിനു മലയാളികൾക്ക് കേരളകൗമുദി മൾട്ടി മീഡിയ എക്‌സ്റ്റൻഡഡ് ഇ- എഡിഷൻ പ്രിയപ്പെട്ടതാകുമെന്നും മന്ത്രി പറഞ്ഞു.

അച്ചടി മാദ്ധ്യമങ്ങളുടെ സ്ഥലപരിമിതിയില്ലാത്ത ഡിജിറ്റൽ സ്‌പേസിൽ,​ ദിനപത്ര വാർത്തകൾക്കു പുറമെ വിവിധ ജില്ലകൾക്കായി പ്രത്യേക പേജുകളും നാഷണൽ,​ ഇന്റർനാഷണൽ,​ ഒപ്പീനിയൻ,​ ബിസിനസ്,​ സ്‌പോർട്സ്,​ ക്രൈം,​ സിനിമ വിഭാഗങ്ങളിൽ ദിവസവും പ്രത്യേക പേജുകളും പ്രത്യേക പതിപ്പുകളും ഉൾപ്പെട്ടതാണ് കേരളകൗമുദി ഇ- പേപ്പർ. രാജ്യത്തു തന്നെ മാദ്ധ്യമരംഗത്ത് ആദ്യമായി വീഡിയോ പേജ് എന്ന പുതുമയും ഇ- എഡിഷൻ അവതരിപ്പിക്കുന്നു. 24 പേജുകളുമായി മെയ് 18 മുതൽ വായനക്കാർക്കു ലഭ്യമായ ഇ- പേപ്പർ വൈകാതെ നാ‌ല്പതോളം പേജുകളുമായി കൂടുതൽ വിഭവസമൃദ്ധമാകും.

രാജ്യതലസ്ഥാനത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ലളിതമാക്കുകയായിരുന്നു. മന്ത്രിയുടെ ഓഫീസിൽ നടന്ന ലോഞ്ചിംഗ് ചടങ്ങിൽ കേരള കൗമുദി ഡൽഹി ബ്യൂറോ ചീഫ് പ്രസൂൻ എസ്. കണ്ടത്ത് നന്ദി പറഞ്ഞു. വെബ് എഡിഷൻ ആയോ കേരളകൗമുദി ഇ- പേപ്പർ ആപ്പ് ഡൗൺലോഡ് ചെയ്തോ കേരളകൗമുദി എക്‌സ്റ്റൻഡഡ് ഇ- പേപ്പറിലേക്ക് ലോഗ് ഇൻ ചെയ്യാം.

ആശംസകളുമായി വി. മുരളീധരൻ,​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി

കേരളകൗമുദി

പല ചുവട് മുന്നിൽ

സാമൂഹികപ്രതിബദ്ധത ഹൃദയസ്‌പന്ദനമാക്കിയ കേരള കൗമുദി ആധുനിക കാലത്ത് പുത്തൻ ചുവടുവയ്‌പുകളുമായി മുന്നേറുന്നതിൽ സന്തോഷമുണ്ട്. മൂല്യങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിക്കാനും ആധുനിക സങ്കേതങ്ങളുടെ പ്രയോജനം വായനക്കാർക്കു സമ്മാനിക്കാനും കേരളകൗമുദി എന്നും മുന്നിലുണ്ടായിരുന്നു. പത്രവായനയുടെ പരമ്പരാഗത രീതിക്കൊപ്പം വാർത്തകളുടെ ശ്രവ്യരൂപവും ദൃശ്യങ്ങളും ഒരേ പ്ളാറ്റ്ഫോമിൽ ലഭ്യമാക്കുന്നത് എല്ലാ വിഭാഗം വായനക്കാരെയും ആകർഷിക്കും. കേരളകൗമുദിക്ക് ഭാവുകങ്ങൾ നേരുന്നു.