ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം നടപ്പു സാമ്പത്തിക വർഷം (2020-21) മേയ് 23 വരെയുള്ള കാലയളവിൽ 13.4 ശതമാനം നഷ്‌ടം നേരിട്ടു. എന്നാൽ, റീഫണ്ടുകൾ കഴിച്ചുള്ള അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ 39 ശതമാനം കുതിപ്പുണ്ടായി.
ഏപ്രിൽ ഒന്നുമുതൽ മേയ് 23 വരെയുള്ള കാലയളവിൽ 91,646 കോടി രൂപയാണ് മൊത്തം പ്രത്യക്ഷ നികുതി വരുമാനം. മുൻവർഷത്തെ സമാന കാലയളവിൽ സമാഹരണം 1.05 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾ 51,655 കോടി രൂപയിൽ നിന്ന് 16,242 കോടി രൂപയിലേക്ക് താഴ്ന്നു. ഇടിവ് 68.5 ശതമാനം. ഇതോടെയാണ്, അറ്റ പ്രത്യക്ഷ നികുതി വരുമാനം 39 ശതമാനം കുതിച്ച് 75,404 കോടി രൂപയിലെത്തിയത്. മുൻവർഷത്തെ സമാനകാലയളവിൽ ഇത് 54,238 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) ലക്ഷ്യമിട്ടിരുന്നതിനേക്കാൾ 1.42 ലക്ഷം കോടി രൂപയുടെ ഇടിവോടെ 10.27 ലക്ഷം കോടി രൂപയാണ് കേന്ദ്രം പ്രത്യക്ഷ നികുതിയിനത്തിൽ നേടിയത്. നടപ്പുവർഷം ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്ന വരുമാനം 13.19 ലക്ഷം കോടി രൂപയാണ്. ഈ ലക്ഷ്യം നേടണമെങ്കിൽ 28.2 ശതമാനം വളർച്ച കൈവരിക്കണം. ഇത് അസാദ്ധ്യമാണെന്നും ബഡ്‌ജറ്റ് ലക്ഷ്യം വെട്ടിക്കുറയ്ക്കണമെന്നുമുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.
നികുതിയുടെ
പാതകൾ
(പ്രത്യക്ഷ നികുതി വരുമാനം ഏപ്രിൽ 1-മേയ് 23 കാലയളവ്)
2019-20 : ₹1.05 ലക്ഷം കോടി
2020-21 : ₹91,646 കോടി
ഇടിവ് : 13.4%
റീഫണ്ട്
2019-20 : ₹51,655 കോടി
2020-21 : ₹16,242 കോടി
ഇടിവ് : 68.5%
അറ്റ പ്രത്യക്ഷ നികുതി വരുമാനം
2019-20 : ₹75,404 കോടി
2020-21 : ₹54,238 കോടി
വർദ്ധന : 39%