അഹമ്മദാബാദ്: ഭക്ഷണവും വെള്ളവുമില്ലാതെ 76 വർഷം ജീവിച്ചെന്ന് അവകാശപ്പെട്ട യോഗി പ്രഹ്ലാദ് ജാനി (90) അന്തരിച്ചു.ശ്വാസാഹാരി എന്ന പേരിൽ പ്രശസ്തനായ ജാനി ഇന്നലെ രാവിലെ ഗാന്ധിനഗറിലെ ചാരദയിൽ വെച്ചാണ് മരിച്ചത്. ജാനിയുടെ മൃതദേഹം ബനസ്‌കന്ത ജില്ലയിലെ അംബാജി ക്ഷേത്രത്തിനടുത്തുള്ള അദ്ദേഹത്തിന്റെ ആശ്രമത്തിൽ രണ്ട് ദിവസം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ നടക്കും.
തനിക്ക് ഭക്ഷണമോ വെള്ളമോ ആവശ്യമില്ലെന്നും അംബാദേവിയുടെ അനുഗ്രഹത്താലാണ് ഇത് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ചിരുന്നതിനാൽ അദ്ദേഹത്തെ ചുൻരിവാല മാതാജിയെന്നും അനുയായികൾ വിളിച്ചിരുന്നു.
ജാനിയുടെ അവകാശവാദങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുന്നതിനായി 2003 ലും 2010 ലും ശാസ്ത്രഞ്ജർ അദ്ദേഹത്തെ നിരീക്ഷിക്കുകയും അവ ശരിയാണെന്ന് സാധൂകരിക്കുകയും ചെയ്തിരുന്നു. അതേസമയം ഇദ്ദേഹത്തെ കുറിച്ച് നടക്കുന്ന പല പഠനങ്ങളുടെയും വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.