photo

കൊല്ലം: എറണാകുളത്ത് നിന്നും നടന്ന് കൊല്ലത്തെത്തിയ ഏഴംഗ ബീഹാറി സംഘം മുട്ട ലോറിയിൽ കടക്കവെ പിടിയിലായി. വിവിധ സ്ഥലങ്ങളിൽ തൊഴിൽ ചെയ്തുവന്നിരുന്ന ബീഹാർ സ്വദേശികളായ രാജാറാം മാൻഖി, ധരഞ്ജയ് മാൻഖി, ബാംബംകുമാർ, മനോജ് ചൗഹാൻ, സാരജ് പ്രസാദ് ചൗഹാൻ, ജിതേന്ദ്ര മുഷാർ, പ്രഭാഷ് കുമാർ ചൗഹാൻ എന്നിവരെയാണ് ആര്യങ്കാവ് ചെക്പോസ്റ്റിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്‍റെ ഡ്രൈവറും സഹായിയുമായ ഹരിയാന സ്വദേശികളായ ശിവശങ്കർ, ഡാബ്ളു ചൗഹാൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു.

പിടിയിലായ തൊഴിലാളികളെ കേസ് എടുത്ത ശേഷം ആര്യങ്കാവ് സ്ക്രീനിംഗ് സെന്ററിലെ പരിശോധനയ്ക്ക് വിധേയരാക്കി. പിന്നീട് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ പാസ് നൽകി ബീഹാറിലേക്ക് വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. ഏഴുപേരും എറുണാകുളത്തുനിന്നും നടന്നാണ് കൊല്ലംവരെ എത്തിയത്. കൊല്ലത്തുവച്ച് ഛത്തീസ്ഗഡ് രജിസ്ട്രേഷനിലുള്ള ലോറി കണ്ടതോടെ ‌ഡ്രൈവറെ പരിചയപ്പെട്ട് ആവശ്യം ഉന്നയിക്കുകയായിരുന്നു. മുട്ട കൊണ്ടുവന്ന ശേഷം മടങ്ങുകയായിരുന്നു ലോറി. അതിർത്തി കടത്താമെന്ന് ഡ്രൈവർ ഏൽക്കുകയും ലോറിയിൽ ഏഴുപേരും കയറുകയും ചെയ്തു. ചെക്ക് പോസ്റ്റിൽ പൊലീസ് വാഹന പരിശോധന നടത്തിയപ്പോഴാണ് ലോറിയിൽ കടക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തിയത്.