ന്യൂഡൽഹി: കഴിഞ്ഞ രണ്ടുമാസത്തോളമായി ഇന്ത്യയിൽ ടിക്-ടോക്കിന് ഡൗൺലോഡ് കുറയുന്നതായി കണക്ക്. ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിലിൽ 34 ശതമാനവും ഈമാസം 23വരെ 28 ശതമാനവും ഇടിവ് ഡൗൺലോഡിലുണ്ടായി. മാർച്ചിൽ എട്ടു ശതമാനവും ഫെബ്രുവരിയിൽ ഏഴ് ശതമാനവും വർദ്ധന ഡൗൺലോഡിൽ ഉണ്ടായിരുന്നു.
കൊവിഡും ലോക്ക്ഡൗണും മൂലം പരസ്യച്ചെലവുകൾ നിയന്ത്രിച്ചതും ഇന്ത്യൻ അതിർത്തികളിൽ ചൈന നടത്തുന്ന നുഴഞ്ഞുകയറ്റശ്രമം മൂലം ചൈനാ വിരുദ്ധവികാരം ശക്തമാകുന്നതുമാകാം ഡൗൺലോഡ് കുറയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മാർച്ചിൽ ഈ ചെറു വീഡിയോ ആപ്പ് ഡൗൺലോഡ് ചെയ്‌തത് 3.57 കോടിപ്പേരാണ്. ഏപ്രിലിൽ ഡൗൺലോഡ് 2.35 കോടിയായും മേയിൽ ഇതുവരെ 1.70 കോടിയായും താഴ്‌ന്നു. ഇന്ത്യയിൽ ടിക്-ടോക്കിന് 20 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണുള്ളത്.