തിരുവനന്തപുരം: കൊവിഡ് 19നുമായി ബന്ധപ്പെട്ട് ആശങ്കവഹമായ റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തിൽ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായിരുന്ന കേരളത്തിൽ പോലും നിലവിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് വന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ ഇതുസംബന്ധിച്ച വ്യാജവാർത്തകളും പെരുകുന്നുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരത്ത് മരുതംകുഴിയിലെ മുരുഗ ബേക്കറി ഉടമയായ മുരുകൻ. തനിക്ക് കൊവിഡ് ബാധയാണെന്ന വ്യാജവാർത്ത മുരുകൻ പോലും അറിയാതെ നാട്ടിൽ പാട്ടാവുകയായിരുന്നു.
മുരുകന് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും ഇയാളുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ നൂറിലധികം പേർ നിരീക്ഷണത്തിലാണെന്നുമായിരുന്നു പ്രചരിച്ച വ്യാജ സന്ദേശം. തുടർന്ന് നാട്ടുകാരിൽ പലരും പരിഭ്രാന്തരാവുകയായിരുന്നു. മുരുഗന്റെ സ്വദേശം തമിഴ്‌നാട് ആയതുകൊണ്ടു തന്നെ എരിതീയിലെ എണ്ണയ്‌ക്ക് സാന്ദ്രത കൂടുതലായി. എന്നാൽ പിന്നീട് പ്രചരിക്കുന്നതെല്ലാം വ്യാജമാണെന്ന് അറിയിച്ച് ഫേസ്ബുക്കിലൂടെ മുരുഗൻ തന്നെ രംഗത്തെത്തി.
വർഷങ്ങളായി മരുതംകുഴിയിൽ ബേക്കറി സ്ഥാപനം നടത്തുകയാണ് മുരുകനും സഹോദരങ്ങളും.