ആദ്യം പറഞ്ഞു, 'കൊറോണ" എന്ന്, പിന്നെ അത് 'കൊവിഡ് - 19" ആയി. രണ്ടിലേതായാലും ശരി, ബെവ്കോയുടെ ഉള്ളിലിരുന്ന് 'ക്രിസ്ത്യൻ ബ്രദേഴ്സ് " ഇപ്പോ തമ്മിലടിച്ച് പിണങ്ങിക്കാണും. 'മാൻഷൻ ഹൗസ് " പൊളിഞ്ഞുവീണിട്ടുണ്ടാവും. കൈ വിറയൽ കാരണം 'സിഗ്നേച്ചർ" ആകെ മാറിയിട്ടുണ്ട്. പക്ഷേ ഒരു ഗുണമുണ്ടായി കാണും. ആ 'ജവാൻ റം" ഇല്ലെ, അവനിപ്പോൾ ക്യാപ്റ്റൻ ആകാൻ കാലമായിട്ടുണ്ട്.
സംഗതി എന്തൊക്കെ ആയാലും അവനിറങ്ങണം - ആ 'ആപ്പ് ". എന്നാലേ മദ്യം തരൂ. ഉടനെ ആപ്പ് ഇറങ്ങുമെന്ന് സർക്കാർ. കാരണം പേരിടീൽ കർമ്മം നടന്നു. 'ബെവ് ക്യൂ നല്ല സ്റ്റൈലൻ പേര്. എന്നാലും ഈ കിടിലൻ ആപ്പ് നമുക്കിട്ടൊരാപ്പു തന്നെ. അല്ലെങ്കിൽ അതങ്ങ് ഇറക്കികൂടെ. ആപ്പ് പണിയാൻ ആശാരി വേണോ! അതോ ഈ ആപ്പ് ഏതെങ്കിലും അധികാരിയുടെ വാരിയെല്ല് ഊരി പടയ്ക്കേണ്ടതാണോ! അവ്വയെ സൃഷ്ടിച്ച പോലെ. എന്നാ പിന്നെ സ്വല്പം താമസിക്കും. അധികാരിക്ക് ആ സാധനം വേണ്ടെ. പണ്ടാരാണ്ടു പറഞ്ഞ പോലെ 'കോഴിക്കു ലതു വന്നപോലെ"യായി ആപ്പിന്റെ കാര്യം.
വാർത്തകൾ കേൾക്കുമ്പം തോന്നും മദ്യക്കട ദാ തുറന്നു എന്ന്. പത്രം വരുമ്പോഴാണ് ഒരു 'ആപ്പ്" കാരണം കട തുറക്കൽ നീളുന്നതറിയുന്നത്. അപ്പൊ പിന്നെ സർക്കാരിനു കടം എടുക്കാനെ നിവൃത്തിയുള്ളൂ. അതു നന്നായിട്ടറിയാം. കട തുറക്കാനറിയില്ല. കടം എത്ര ലക്ഷം കോടിയായി. ഓരോ പൗരന്റേയും തലയ്ക്കെത്ര കടമുണ്ടായി. അതിന്റെ കണക്കൊന്നും ആരും മിണ്ടുന്നില്ല.
മദ്യം വാങ്ങാൻ ആളുണ്ട്. ബെവ്കോയുടെ മുമ്പിൽ നിരത്തിൽ സാദാ ക്യൂവിനും വെർച്വൽ ക്യൂവിനും തയ്യാർ. സർക്കാരിന്റെ കടം കുറെ കുറയ്ക്കാം. പക്ഷേ രാജ്യത്തിന്റെ ആരോഗ്യം നോക്കണ്ടേ. സർക്കാർ പറയുന്നതു നേരാ. സാമൂഹ്യവ്യാപനം സ്വയം വരുത്തരുത്. അതിനു പഴുതുണ്ടാവരുത്. മറുനാട്ടുകാർ വരുന്നു. മറ്റു സംസ്ഥാനവാസികൾ വരുന്നു. കൂടെ കോവിഡ് ഭീതിയും. ഖജനാവാണേൽ കാലി. ശമ്പളം, പെൻഷൻ എന്നിങ്ങനെ ഒത്തിരിക്കാശു പോകും. പിന്നെ കിടക്കുന്നു കാര്യങ്ങൾ ഏറെ. എണ്ണിപ്പറഞ്ഞാൽ അവസാനമില്ല. എന്തെങ്കിലും ചെയ്തേ മതിയാകൂ.
തിരഞ്ഞെടുപ്പിനു കാലമാകുന്നു. ജനത്തിനെ ബോദ്ധ്യപ്പെടുത്താൻ എന്തെങ്കിലും കൂടിയേ തീരൂ. നേരത്തെ ചെയ്തെങ്കിൽ അതൊക്കെ ജനം മറക്കും. വികസന പ്രവർത്തനങ്ങൾ എല്ലാ മേഖലയിലും വേണം. പക്ഷേ എന്തെടുത്തിട്ടു വികസിപ്പിക്കും. പോരാത്തതിനിതാ പ്രളയ കോളും.
ഒക്കെ ശരി. എന്നാലും ഈ കടവും കോവിടും ഒന്നു മറക്കണ്ടെ. പണിയൊന്നുമില്ല. വീടുവിട്ടിറങ്ങാൻ വിലക്കുകൾ. എത്ര നേരം വീട്ടിലിങ്ങനെ കുത്തിയിരിക്കണം. പോട്ടെ. നല്ല കാര്യത്തിനല്ലേ. ഇരിക്കാം. രണ്ടെണ്ണം വിട്ടോണ്ടിരുന്നാൽ അതിനൊരു മെയ്യമുണ്ട്. പക്ഷേ സമ്മതിക്കൂല. മദ്യഷാപ്പു തുറന്നാൽ ജനം ഒന്നിച്ചു കൂടും. ശരീരാകലം പാലിക്കില്ല . കശപിശയാകും. അതോടെ പൊലീസായി, ലാത്തിവീശലായി, മുദ്രാവാക്യം വിളിയായി ആകെ പുകില് തന്നെ. എന്നാപിന്നെ കള്ളുഷാപ്പ് തുറന്നതോ എന്നാണ് ചോദ്യം. ശരിയാണ്. തുറന്നു. പക്ഷേ കള്ളില്ല. വേണേൽ പാലക്കാടൻ കള്ളു വേണം. അതിനവിടെ കള്ളുവേണം. കൊണ്ടുവരാൻ പാസ് വേണം. അതും തഥൈവ. ഒറ്റ ദിവസത്തെ ഉന്തും തള്ളും വാക്കേറ്റവും ബാക്കി.
കള്ള് ഷാപ്പ് പ്രവർത്തിച്ചു തുടങ്ങിയ ദിവസത്തെ ഒരു സംഭവം പറയാം. സമയം രാവിലെ ഏഴ് മണി. ഷാപ്പ് തുറന്നിട്ടില്ല. എങ്കിലും ഷാപ്പിനു മുമ്പിൽ നീണ്ട ക്യൂ. വരച്ചിട്ട അകലം കൃത്യമായി പരിപാലിച്ചിട്ടുണ്ട്. കള്ള് വാങ്ങാൻ വന്നവർ സൽഗുണർ. പക്ഷെ ഒരാൾ മാത്രം.
മുന്നിലേക്കു തള്ളിക്കയറുന്നു. ക്യൂവിൽ നിന്നവർ അയാളെ ചീത്തവിളിച്ചു. ക്യൂവിൽ ഒരുവൻ അയാളെ പിടിച്ചു പിറകിൽ കൊണ്ടുനിറുത്തി. എന്തുഫലം. അയാൾ വീണ്ടും ക്യൂവിന്റെ മുന്നിലേക്കു തന്നെ വരുന്നു. വീണ്ടും അശ്ളീലമൊഴികളോടെ അയാളെ പുറകിലാക്കി. പരിപാടിക്കു ചില്ലറ ആവർത്തനങ്ങളായി. ഒടുവിൽ പൊലീസിനെ വിളിച്ചു കാര്യം പറഞ്ഞു.
''സാറെ, ഇയാൾ ക്യൂപാലിക്കുന്നില്ല. ഷാപ്പിന്റെ മുന്നിലേക്കു തള്ളിക്കയറുന്നു. ഞങ്ങള് ഇവിടെ ഒരേനില്പാണ്. സമയം കഴിഞ്ഞു. എന്നിട്ടും ഷാപ്പൊട്ടു തുറക്കുന്നുമില്ല. അതിനിടയിലാണ് ഇയാളുടെ ഈ തള്ളിക്കേറ്റം.
പൊലീസുകാർ തള്ളിക്കയറിയവന്റെ കോളറിൽ തൂക്കി. മാറ്റിനിറുത്തി ചോദിച്ചു.
''തനിക്കെന്താടാ ക്യൂവിൽ നിന്നാൽ." അയാൾ മറുപടി പറഞ്ഞു:
''സാറെ ഞാൻ ക്യൂവിൽ നിന്നാൽ ഇവർക്കെല്ലാം ഇന്നിവിടെ തന്നെ നില്ക്കേണ്ടിവരും."
''അതെന്തടാ... അങ്ങിനെ.."
''സാറെ ഞാൻ ഷാപ്പ് തുറക്കാൻ വന്നയാളാ."
അതോടെ സംഗതി ശുഭം.