തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിൽ താൻ പങ്കെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ ഖണ്ഡിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. യോഗത്തെക്കുറിച്ച് തനിക്ക് കൃത്യമായ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും വി.മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിഡിയോ കോണ്‍ഫറന്‍സ് ലിങ്കില്‍ കയറാൻ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കില്‍ കേന്ദ്രത്തിന്റെ പ്രതികരണം അറിയിച്ചേനെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം യോഗത്തിൽ വി.മുരളീധരൻ പങ്കെടുത്തിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
എന്നാൽ യോഗത്തിൽ കേന്ദ്രമന്ത്രി മൗനം പാലിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം യോഗത്തിൽ പങ്കെടുത്തുവെങ്കിലും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ യോഗം പൂർത്തിയാകും മുമ്പ് അദ്ദേഹം മടങ്ങിപ്പോകുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പറയുന്നു.
യോഗത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം അറിയാമെന്നായിരുന്നു തങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനിടെ, മുഖ്യമന്ത്രി വിളിച്ച യോഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് യോഗത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നാണ് പ്രതിപക്ഷ എം.പിമാരും എം.എൽ.എമാരും ആരോപിക്കുന്നത്.