piyush-goyal

ന്യൂഡൽഹി: പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം റെയിൽവേയ്ക്ക് ഒരു സംസ്ഥാനത്തിന്റെയും അനുമതി ആവശ്യമില്ലെന്നും സംസ്ഥാനത്തിന്റെ രീതികൾ അതിസങ്കീർണമാണെന്നും പറഞ്ഞുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ഈ വിഷയത്തിൽ കേരളം അത്യുത്സാഹം കാട്ടിയെന്നും അതിനാൽ കേരളത്തിന്റെ ഇ-പാസ് പോലെയുള്ള സംവിധാനങ്ങൾ അതിസങ്കീർണമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു. കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണത്തോടെ ഇരുവരും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്.

'ഇതുകാരണം, കേരളം പറയുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഒരു സംസ്ഥാനത്തിലും കഴിയില്ല. അവരുടെ കുടിയേറ്റക്കാരെ കുറിച്ച് കേരളത്തിന് സത്യത്തിൽ ആശങ്കയുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ കുടിയേറ്റക്കാരെ തിരിച്ചുവിളിക്കുന്നതിനുള്ള പ്രക്രിയ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ ലളിതമാക്കിക്കൊടുക്കണം.' പീയുഷ് ഗോയൽ പറയുന്നു. മറ്റ് സംസ്ഥാനങ്ങൾ തങ്ങളുടെ ജനങ്ങളെ സ്വീകരിക്കാൻ മടി കാട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മഹാരാഷ്ട്രയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ട്രെയിനിന് കേരളം അനുമതി നൽകിയില്ല എന്ന കാരണം പറഞ്ഞാണ് പീയുഷ് ഗോയൽ വിവാദത്തിനു തുടക്കം കുറിച്ചത്. ശേഷം ഇതിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ തീവ്ര കൊവിഡ് ബാധിത മേഖലകളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവരെ കരുതലോടെയാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും ആരെയും പുറന്തള്ളില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതിനുവേണ്ടിയാണ് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നതെന്നും രജിസ്ട്രേഷൻ ചെയ്യുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലോയോ എന്നുള്ളത് പിയൂഷ് ഗോയല്‍ അല്ല സംസ്ഥാനത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും സ്വന്തം നാട്ടിലെ ജനങ്ങളെ പറ്റി ചിന്തയില്ലാതെ മുഖ്യമന്ത്രിമാർ പ്രവർത്തിച്ചാൽ എന്താകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.

അദ്ദേഹത്തിന്റെ പരാമർശങ്ങൾ പദവിക്ക് യോജിക്കുന്നതല്ല എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ ജനങ്ങളെ കുറിച്ചുള്ള ചിന്തയാണ് ട്രെയിൻ സംസ്ഥാനത്തേക്ക് വരാൻ പാടില്ല എന്ന് പറയാൻ കാരണമായതെന്നും ലക്ഷകണത്തിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളതെന്നും ഇവര്‍ ഒന്നിച്ചു വന്നാല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.