sethu

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷൻ ആയ ആരോഗ്യ സേതു ഓപ്പൺ സോഴ്‌സ് ആക്കാൻ തീരുമാനം. ആപ്ലിക്കേഷന്റെ ആൻഡ്രോയ്ഡ് പതിപ്പിന്റെ സോഴ്സ് കോഡ് ഗിറ്റ് ഹബ്ബിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ആപ്പിന്റെ ആപ്പിൾ ഐ.ഒ.എസ്, കായ്.ഒ.എസ് ( ജിയോ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം) പതിപ്പുകളും വൈകാതെ ഓപ്പൺ സോഴ്സ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് അർദ്ധരാത്രിയോടെ ഇത് പ്രാവർത്തികമാകും.

ആപ്ലിക്കേഷന്റെ സുരക്ഷയെക്കുറിച്ചും, സ്വകാര്യതയ്ക്ക് മേലുള്ള കടന്ന് കയറ്റത്തെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സോഴ്സ് കോഡ് ലഭ്യമാവുന്നതോടെ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നത്. ഏപ്രിൽ മാസത്തിലാണ് കേന്ദ്രം ആരോഗ്യ സേതു എന്നപേരിൽ ഒരു ആപ്പ് പുറത്തിറക്കുന്നത്. പതിനൊന്ന് കോടി ഉപഭോക്താക്കൾ ഇത് വരെ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു. ആഭ്യന്തര വിമാനയാത്രക്ക് ആപ്പ് നിർബന്ധമാണ്.