കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ ചിത്രീകരണത്തിനായി തയ്യാറാക്കിയിരുന്ന കൂറ്റൻ സെറ്റ് ഏതാനും മതഭ്രാന്തന്മാർ അടിച്ചു നശിപ്പിച്ച സംഭവം കേരളത്തിന് തീർത്താൽ തീരാത്ത കളങ്കമാണുണ്ടാക്കിയിരിക്കുന്നത്. യുവജനതയുടെ ഹരമായി മാറിയ ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന 'മിന്നൽ മുരളി" എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടി ലക്ഷക്കണക്കിനു രൂപ മുടക്കി തയ്യാറാക്കിയ സെറ്റാണ് നശിപ്പിക്കപ്പെട്ടത്. ശിവരാത്രി മണപ്പുറത്തെ ശിവക്ഷേത്രത്തിനടുത്താണ് സെറ്റ് ഒരുക്കിയിരുന്നത്. ആ ഒറ്റക്കാരണം കൊണ്ടാണത്രെ പള്ളിയുടെ കൂറ്റൻ സെറ്റ് ആക്രമണ വിധേയമായത്. സിനിമാ ചിത്രീകരണത്തിന്റെ പേരിൽ ഇത്തരത്തിലൊരു സംഭവം സംസ്ഥാനത്ത് ഉണ്ടാകുന്നത് ആദ്യമാണെന്നു തോന്നുന്നു. പ്രാദേശിക തലത്തിൽ അങ്ങിങ്ങ് സിനിമാ ഷൂട്ടിംഗ് സംഘങ്ങൾ സംഘർഷത്തിൽ പെടാറുണ്ടെങ്കിലും ചിത്രീകരണത്തിനായി പാടുപെട്ട് ഒരുക്കിയ സെറ്റ് ഇടിച്ചുതകർത്ത നിന്ദ്യവും നീചവുമായ സംഭവം അത്യപൂർവമാണ്.
ഏതു സാഹചര്യങ്ങളിലും മതസൗഹാർദ്ദവും സാമുദായിക മൈത്രിയും പുലരുന്ന സംസ്ഥാനത്ത് മനസിൽ വർഗീയ വിഷം കുത്തിനിറച്ച ചിലരുടെ അഴിഞ്ഞാട്ടമായി മാത്രം ഈ സംഭവത്തെ ലഘൂകരിച്ചു കാണരുത്. പടർന്നു പന്തലിക്കാവുന്ന വിഷച്ചെടിയുടെ ശിഖരമായി വേണം ഇതിനെ കാണാൻ. സിനിമാ സെറ്റ് നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായിരിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആശ്വാസം പകരുന്നതാണ്.
കേരളത്തിന്റെ മണ്ണ് വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ളതല്ലെന്ന മുഖ്യമന്ത്രിയുടെ ഉറച്ച പ്രഖ്യാപനം കേരള സമൂഹം ഒന്നാകെ ഏറ്റെടുക്കുമെന്നതിൽ ഒരു സംശയവുമില്ല. കേരളത്തിൽ അധികമാരും കേട്ടിട്ടില്ലാത്ത അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്രംഗ് ദളിന്റെ പ്രവർത്തകരാണ് സിനിമാ സെറ്റ് തകർത്തതിനു പിന്നിലുള്ളതെന്ന് അറിവായിട്ടുണ്ട്. സംഘടനയുടെ എറണാകുളം യൂണിറ്റ് പ്രസിഡന്റ് രതീഷും മറ്റൊരു പ്രവർത്തകനും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. ഇനിയും ഏതാനും പേരെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ മുഖ്യ പ്രതി കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽപ്പെട്ടയാളാണത്രെ.
സംഘടനയുടെ പെരുമ മനസിലാക്കാൻ ഇതൊക്കെത്തന്നെ ധാരാളം. ഗുജറാത്ത് കലാപകാലത്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ചെയ്തികൾ ഏറെ വിമർശനങ്ങൾക്കിടയാക്കിയിട്ടുള്ളതാണ്. പൂർണമായും വർഗീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ഇങ്ങു ദൂരെ കേരളത്തിലും വിഷവേരുകൾ ഉണ്ടെന്നു കാണുന്നത് മറ്റെന്തിനെക്കാളും സാമുദായിക സൗഹാർദ്ദത്തിന് പരമ പ്രാധാന്യം നൽകുന്ന മലയാളികളെയാകമാനം ഞെട്ടിക്കുന്നതാണ്. സിനിമാ സെറ്റായാൽ പോലും ആലുവാ മണപ്പുറത്ത് ക്രിസ്ത്യൻ പള്ളിയുടെ മാതൃക ഉയരാൻ അനുവദിക്കുകയില്ലെന്ന വർഗീയ വാദികളുടെ കുത്സിത മനസ്ഥിതിയാണ് സംഭവത്തിനു പിന്നിൽ തെളിഞ്ഞുകാണുന്നത്.
ശുദ്ധമനസ്സുകൾക്ക് ഒരു വിധത്തിലും ഉൾക്കൊള്ളാനാകാത്തതാണ് ഇത്തരം വർഗീയ സമീപനങ്ങൾ. സിനിമാ പ്രവർത്തകർ ബന്ധപ്പെട്ട ആൾക്കാരുടെ മുൻകൂർ അനുമതി വാങ്ങിയാണ് മണപ്പുറത്ത് സെറ്റിട്ടത്. മാർച്ചിൽ സെറ്റ് തീർന്നുവന്നപ്പോഴേക്കും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഷൂട്ടിംഗ് മുടങ്ങി. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ മാറുന്നതിനായി സിനിമാ പ്രവർത്തകർ കാത്തിരുന്നത്. കാളകൂട വിഷവുമായി സമുദായ സൗഹാർദ്ദം തകർക്കാൻ പതുങ്ങിക്കഴിയുന്ന ദുഷ്ടശക്തികൾ ഇത്തരത്തിൽ ഫണമുയർത്തി വിഷം വമിപ്പിക്കുമെന്ന് ആരും കരുതിയില്ല. സിനിമാ സെറ്റ് ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്ക് പങ്കൊന്നുമില്ലെന്ന് ഹിന്ദു ഐക്യവേദിക്കാർ പ്രസ്താവനയിറക്കിയത് നന്നായി. സംഭവത്തെ പരസ്യമായി അപലപിക്കാൻ കൂടി അവർ തയ്യാറാകണമായിരുന്നു. കലാ - സാംസ്കാരിക പ്രവർത്തനങ്ങളെ വർഗീയമായല്ല കാണേണ്ടതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ അത്തരം നിലപാട് ആവശ്യമാണ്.
മലയാള സിനിമാ ലോകം ഒറ്റക്കെട്ടായി സംസ്കാര ശൂന്യമായ ഈ സംഭവത്തിനെതിരെ അണിനിരന്നിട്ടുണ്ട്. കേവലം ഒരു അക്രമ സംഭവമായി മാത്രം കണ്ട് കേസെടുക്കുകയല്ല വേണ്ടത്. അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അത്യാപത്ത് തിരിച്ചറിഞ്ഞ് നിർദ്ദാക്ഷിണ്യമായ നിയമ നടപടികളാണ് ഉണ്ടാകേണ്ടത്. അക്രമികളിൽ നിന്ന് മതിയായ നഷ്ടപരിഹാരം ഈടാക്കുകയും വേണം. സിനിമാ രംഗത്തു പ്രവർത്തിക്കുന്നവർ മാത്രമല്ല സാംസ്കാരിക രംഗത്തുള്ളവരും ഒന്നാകെ വർഗീയ വിഷ സംഘടനയുടെ തെമ്മാടിത്തത്തെ അപലപിക്കാൻ മുന്നോട്ടു വരണം. കലാസൃഷ്ടിയുടെ പേരിൽ അസഹിഷ്ണുക്കളാവുകയും കലാസൃഷ്ടി തന്നെ തച്ചുടയ്ക്കുകയും ചെയ്യുന്ന കാടത്തത്തിന് ഇന്നത്തെ കാലത്ത് ഒരു സ്ഥാനവുമില്ലെന്ന് ഇരുട്ടിന്റെ സന്തതികളെ ബോദ്ധ്യപ്പെടുത്താനുള്ള അവസരം കൂടിയാണിത്.
ചിത്രീകരണം കഴിഞ്ഞാൽ പൊളിച്ചുമാറ്റാനിരുന്ന ഒരു സിനിമാസെറ്റ് എത്ര കടുത്ത വർഗീയ വാദിയുടെയും സ്വാസ്ഥ്യം തകർക്കേണ്ട കാര്യമില്ല. അസഹിഷ്ണുതയും വിദ്വേഷവും പരകോടിയിൽ കുടിയിരിക്കുന്ന മനസുകൾക്കേ ഇമ്മാതിരി ദുഷ്ടബുദ്ധി തോന്നുകയുള്ളൂ. സാമുദായിക സൗഹാർദ്ദത്തിനു പോറലേല്പിക്കുന്ന പ്രവൃത്തികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും സത്വരമായി ഇടപെട്ട് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ നൽകാൻ നടപടി എടുക്കുക എന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ ഭരണകൂടം ചെയ്യേണ്ടത്. വികല മനസുകളുടെ ഭ്രാന്തൻ നടപടിയായി ഇത്തരം സംഭവത്തെ കാണരുത്. ഇത്തരം പ്രവൃത്തിക്കു തുനിയുന്നവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോഴാണ് നിയമ - നീതി സംവിധാനങ്ങളുടെ മഹത്വം ബോദ്ധ്യപ്പെടുക.
ശിവരാത്രി മണപ്പുറത്തെ ശിവ ക്ഷേത്രത്തിനു സമീപത്താണ് സിനിമാ സെറ്റിട്ടതെന്നത് ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തേണ്ട കാര്യമില്ല. ശിവരാത്രി ആഘോഷ സമിതിയുടെ അനുവാദം വാങ്ങിയാണ് നിർമ്മാതാക്കൾ സെറ്റ് ഒരുക്കിയത്. രണ്ടുമാസത്തിലധികമായി അത് ആർക്കും ഒരു ശല്യവുമില്ലാതെ നിൽക്കുകയായിരുന്നു. ക്ഷേത്ര പവിത്രതയ്ക്ക് അതു കളങ്കമാണെന്ന് ബോധോദയമുണ്ടായത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. ഇതുപോലുള്ള മത സംരക്ഷണ വാദികളിൽ നിന്നാണ് സമൂഹം ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ഇത്തരക്കാരെ നിലയ്ക്കു നിറുത്താനുള്ള ഉത്തരവാദിത്വം സമൂഹത്തിനും ഭരണകൂടത്തിനുമുണ്ട്.