ന്യൂഡൽഹി: ലഡാക്ക് നിയന്ത്രണരേഖയോട് ചേർന്ന് ചൈന വ്യോമത്താവളം വിപുലീകരിക്കുന്നതിന്റെ വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, സംയുക്ത സൈനിക തലവൻ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ ബിപിൻ റാവത്ത്, മൂന്നു സേനാ വിഭാഗങ്ങളുടെയും മേധാവികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപായി പ്രധാനമന്ത്രി മോദി വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി. ആദ്യം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മൂന്നു സേനാ വിഭാഗങ്ങളുടെ മേധാവിമാരും പ്രധാനമന്ത്രിയെ കാണാനായി എത്തിയത്.
അതിർത്തിയിലെ പുരോഗമനങ്ങളും സ്ഥിതിഗതികളും സേനാ മേധാവിമാർ പ്രതിരോധമന്ത്രിയെ ധരിപ്പിച്ചു. സിക്കിം, ലഡാക്ക് മേഖലകളിൽ ചൈനീസ് കടന്നുകയറ്റമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഡൽഹിയിലെ ഉന്നതതല യോഗങ്ങൾ നടക്കുന്നത്.ലഡാക്കിനു സമീപം ചൈന വ്യോമതാവളം വിപുലീകരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ അൽപ്പം മുൻപ് പുറത്തുവന്നിരുന്നു.
ലഡാക്ക് അതിർത്തിർത്തിയിലുള്ള പാൻഗോംഗ് തടാകത്തിന് 200 കിലോമീറ്റർ അപ്പുറത്തുള്ള ചൈനീസ് എയർ ബേസിലാണ് വൻ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നത്. ഷാഡോബ്രേക്ക് ഇന്റർനാഷണലിന്റെ കീഴിലുള്ള 'ഡെട്രെസ്‌ഫ' എന്ന ഓപ്പൺ സോഴ്സ് ഇന്റലിജൻസ് എക്സ്പെർട്ട് ആണ് ഈ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രങ്ങളിൽ നിന്നും വൻ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ ചൈന ഇവിടെ നടത്തുന്നതായാണ് വ്യക്തമാകുന്നത്. ചൈനയുടെയും ഇന്ത്യയുടേയും സേനകൾ തമ്മിൽ മെയ് ആറിനും അഞ്ചിനും ലഡാക്ക് അതിർത്തിയിൽ വച്ച് സംഘർഷങ്ങൾ ഉടലെടുത്തിരുന്നു.