കൊട്ടാരക്കര: ഉത്ര വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വിവാഹമോചന കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനായിരുന്നു യുവതിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സൂരജ് സമ്മതിച്ചതായി സൂചന. ഉത്രയെ താൻ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു.
2018ലായിരുന്നു ഇരുവരുടെയും വിവാഹം. മാസങ്ങൾക്കുള്ളിൽ വീട്ടിൽ വഴക്കുണ്ടായി. വഴക്ക് പതിവായതോടെ ബന്ധുക്കളെത്തി ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും, വിവാഹമോചനം വേണമെന്നും പറഞ്ഞു. ഇതോടെ 96 പവനും,പലപ്പോഴായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയും തിരിച്ച് നൽകേണ്ടിവരുമെന്ന് സൂരജ് ഭയന്നു. തുടർന്ന് സ്‌നേഹം അഭിനയിച്ച് ഉത്രയെ ഇല്ലാതാക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കുകയായിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിന്റെ മറവുചെയ്ത ശരീരം ഇന്നലെ പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി തെളിവുകൾ ശേഖരിച്ചു. കേസിൽ തെളിവായി വിഷപ്പല്ലുകൾ ഉൾപ്പെടെയുള്ള പാമ്പിന്റെ അവശിഷ്ടങ്ങൾ വിചാരണ കോടതിയിലെത്തും. ഉത്രയുടെ വലതു കൈത്തണ്ടയിലാണ് പാമ്പിന്റെ കടിയേറ്റത്.