ലുധിയാന: എയർ ഇന്ത്യയുടെ ഡൽഹി -ലുധിയാന വിമാനത്തിലെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എയർ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിമാനത്തിലെ 36 യാത്രക്കാരെയും നിരീക്ഷണത്തിലാക്കി. ഇവരെ കൂടാതെ നാല് പേരെ പഞ്ചാബ് സർക്കാരിന്റെ നിബന്ധനകളനുസരിച്ച് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിലേക്ക് മാറ്റിയിട്ടുള്ളതായി എയർ ഇന്ത്യ അറിയിച്ചു.
ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിന്റെ ഭാഗമായി രണ്ടാം ദിവസമാണ് AI 9I837 ഡൽഹി ലുധിയാന വിമാനത്തിൽ യാത്രക്കാർ വന്നിറങ്ങിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ പ്രാദേശിക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾക്കൊപ്പം യാത്ര ചെയ്തവരെ വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തു.
അതേസമയം, ചെന്നൈ -കോയമ്പത്തൂർ ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്ത ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഈ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി.
മാർച്ച് 25ന് കൊവിഡ് പ്രതിരോധത്തെ തുടർന്ന് രാജ്യത്ത് വ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം തിങ്കഴ്ചയാണ് ആഭ്യന്തര വിമാനസർവിസുകൾ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. അന്തരാഷ്ട്ര വിമാന സർവിസുകൾക്ക് അനുമതി നൽകിയില്ലായിരുന്നു. ആദ്യ ദിവസം 39000 യാത്രക്കാരും രണ്ടാം ദിവസം42000 യാത്രക്കാരുമെത്തി.