
ജബൽപൂർ: കൂട്ടമായി അതിവേഗം പറന്നെത്തി കർഷകർ ഏക്കറുകളോളം കൃഷിചെയ്യുന്ന വിളകളെല്ലാം നിമിഷങ്ങൾക്കകം തിന്ന് നശിപ്പിച്ച് പറന്നകലുന്ന വെട്ടുക്കിളികൾ ഉത്തരേന്ത്യ മുഴുവൻ വലിയ ഭീഷണിയാണ്. പാകിസ്ഥാനിൽ നിന്ന് രാജസ്ഥാൻ വഴി ഇന്ത്യയിലേക്ക് കടക്കുന്ന വെട്ടുകിളികൾ മഹാരാഷ്ട്രയിലെ നാഗ്പൂർ,വർദ്ധ ജില്ലകളിൽ കടന്ന് കാർഷികവിളകളും ഓറഞ്ചും മറ്റും കൃഷിചെയ്തിരുന്ന തോട്ടങ്ങൾ നശിപ്പിച്ചു.
രാജസ്ഥാനിലും മധ്യപ്രദേശിലെ പത്തോളം ജില്ലകളിലും വെട്ടുകിളി ശല്യം രൂക്ഷമാണ്.17 കിലോമീറ്ററോളം നീളത്തിലും 2.5 കിലോമീറ്റർ വരെ വീതിയിലുമാണ് ഒരുകൂട്ടം വെട്ടുകിളികൾ ഇവിടങ്ങളിൽ നാശം വിതക്കുക. മരുഭൂമിയിൽ ഉണ്ടാകുന്ന തരം വെട്ടുകിളികളാണിവ. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ വെട്ടുകിളികളെ ടാങ്കർ ലോറികളിൽ വെള്ളവും മരുന്നുകളും ശക്തിയിൽ തളിച്ചും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി പായിച്ചുമാണ് ശല്യം ഇല്ലാതാക്കുന്നതെന്ന് ജബൽപൂർ ജില്ലാ മജിസ്ട്രേറ്റ് ഭരത് യാദവ് പറഞ്ഞു.