പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും ഇനി ബോളിവുഡിലേക്ക്. സച്ചിയായിരുന്നു അയ്യപ്പനും കോശിയും സംവിധാനം ചെയ്തത് . പൃഥ്വിരാജ് കോശിയും ബിജു മേനോൻ അയ്യപ്പനുമായി അഭിനയിച്ചു. ആരാധകർ ഏറ്റെടുത്ത ചിത്രമായി മാറുകയും ചെയ്തു അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ജോൺ അബ്രഹാം. ജെ.എ.എന്റർടെയ്ൻമെന്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായുള്ള അവകാശം വാങ്ങിയിരിക്കുന്നത് വലിയ തുകയ്ക്കാണെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചത് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആണ്.തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ സിനിമയുടെ പതിപ്പുകൾ ഇറങ്ങുന്നുണ്ടെന്ന് വിവരമുണ്ടായിരുന്നു. രവി തേജയും റാണാ ദഗുപതിയുമാണ് തെലുങ്കിൽ അയ്യപ്പനും കോശിയുമാവുകയെന്നാണ് വിവരം.