അകോള:- മഹാരാഷ്ട്രയിലെ അകോളയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഹിന്ദുമതാനുയായി ആയ 78കാരന്റെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കളും മകനും വിസമ്മതിച്ചു. തുടർന്ന് സ്ഥലത്തെ ഒരു മുസ്ളിം യുവസംഘടനയിലെ അംഗങ്ങൾ സംസ്കാരം നടത്തി. ഞായറാഴ്ചയാണ് മതാതീതമായ മാനവികത ഉയർത്തിക്കാട്ടിയ ഈ സംഭവം. കൊവിഡ് രോഗബാധ സംശയിച്ച് ഇയാളുടെ ഭാര്യയെ അന്നുതന്നെ അകോളയിലെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തതിരുന്നു. രോഗഭയം മൂലമാണ് ബന്ധുക്കൾ തയ്യാറാകാത്തത്.
ഇതോടെയാണ് അകോള കുച്ചി മേമൊൻ ജമാ അത്ത് എന്ന സംഘടന സംസ്കാരത്തിന് തയ്യാറായി മുന്നോട്ട് വന്നത്. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ അണിഞ്ഞാണ് സംഘടന അംഗങ്ങൾ സംസ്കാരത്തിൽ പങ്കെടുത്തത്. നാനൂറോളം കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത അകോളയിൽ 25 പേർ മരിച്ചു. കൊവിഡ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ച ഇവിടെ അകോള കുച്ചി മേമൊൻ ജമാ അത്ത് അഞ്ചോളം ഹിന്ദുക്കളുടെ മൃതദേഹം സംസ്കരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.