kaumudy-news-headlines

1. ഡോ. വിശ്വാസ് മേത്തയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ചീഫ് സെക്രട്ടറി ടോം ജോസ് ,മേയ് 31ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് നിയമനം. നിലവില്‍ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേത്ത 1986 ഐ.എ.എസ് ബാച്ചുകാരനാണ്. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വിശ്വാസ മേത്തയ്ക്ക് 2021 ഫെബ്രുവരി 28വരെ സര്‍വീസ് ഉണ്ട്. ചീഫ് സെക്രട്ടറി മാറുന്നതിന് ഒപ്പം ഉദ്യോഗസ്ഥതലത്തിലും അഴിച്ചുപണി നടത്തി സര്‍ക്കാര്‍.


2. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ ആഭ്യന്തര-വിജിലന്‍സ് സെക്രട്ടറിയായി നിയമിച്ചു. വി. ജയ്തിലക് പുതിയ റവന്യൂ സെക്രട്ടറി. ഡോ.വി വേണു പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. ഇഷിതാ റോയിയെ കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ ആയി നിയമിച്ചു. തിരുവനന്തപുരം കളക്ടര്‍ കെ.ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ആലപ്പുഴ കള്കര്‍ എം.അഞ്ജനയെ കോട്ടത്തേക്ക് സ്ഥലം മാറ്റി. ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചേക്കും എന്നാണ് സൂചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
3 സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന സാധ്യത എന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. മൂന്ന് ഘട്ടങ്ങളില്‍ ആയി ഉറവിടം അറിയാത്ത രോഗബാധിതര്‍ സമൂഹ വ്യാപന സാധ്യത ആണ് കാണിക്കുന്നത് എന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. ഒരുമാസത്തിന് ഉള്ളില്‍ മൂവായിരത്തോളം പേര്‍ക്ക് രോഗം ബാധിക്കാം എന്നാണ് സര്‍ക്കാര്‍ നിഗമനം. അതിനിടെ, കൊവിഡ് പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമം ഉണ്ടാകില്ല എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. നിലവില്‍ ഒന്നര മാസത്തേക്കുള്ള പി.സി.ആര്‍ കിറ്റുകളും 35 ദിവസത്തേക്കുള്ള ആര്‍.എന്‍.എ വേര്‍തിരിക്കല്‍ കിറ്റുകളും സംസ്ഥാനത്തുണ്ട്
4. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 1800 പരിശോധനകള്‍ ആണ് ഒരു ദിവസം നടക്കുന്നത്. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുള്ള പരിശോധനകള്‍ക്ക് പുറമെ കൂട്ടമായി സാംപിള്‍ ശേഖരിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്. പുറത്തു നിന്ന് ഇങ്ങനെ ശേഖരിക്കുന്ന സാംപിളുകള്‍ ലാബുകളില്‍ എത്തിക്കാനുള്ള പ്രത്യേക ഉപകരണങ്ങളും ആവശ്യമുണ്ട്, വി.ടി.എം എന്ന് പേരുള്ള ഇവ 18,000 എണ്ണം സംസ്ഥാനത്ത് സ്റ്റോക്കുണ്ട് എന്നും ആരോഗ്യ വകുപ്പ്
5. നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കെ, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,387 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,51,767 ആയി ഉയര്‍ന്നു. 170 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്, രാജ്യത്ത് മരണസംഖ്യ ഇതോടെ 4337 ആയി ഉയര്‍ന്നു.
6. നിലവില്‍ 83,004 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍ ഇത് വരെ 54,758 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 1,792 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചു. കൊവിഡ് വ്യാപനം ഒരോ ദിവസവും ശക്തിപ്പെടുന്നതിനിടെ നാലാം ഘട്ട ലോക്ക് ഡൗണ്‍ ഞായറാഴ്ച അവസാനിക്കും. ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണോ അതോ രോഗവ്യാപനം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് അഞ്ചാം ഘട്ടത്തിലേക്ക് നീട്ടണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ തുടരുക ആണ്
7. അതേസമയം കൊവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡം ഐ സി എം ആര്‍ വിപുലീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ പൊലീസ്, വിമാനത്താവള ജീവനക്കാര്‍, കച്ചവടക്കാര്‍ എന്നിവരെ കൂടി കൊവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിച്ചു. നേരത്തെ ആരോഗ്യ പ്രവര്‍ത്തകരെയും, കുടിയേറ്റ തൊഴിലാളികളെയും പരിശോധിക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം. അതിനിടെ സ്‌കൂളുകളോ ,കോളേജുകളോ തുറക്കാന്‍ അനുമതിയില്ലന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും മന്ത്രാലയം തള്ളി
8. ലഡാക്കില്‍ ഇന്ത്യ- ചൈന സൈനിക പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ സ്റ്റാഫ് തലവന്‍ ബിബിന്‍ റാവത്ത്, വിദേശകാര്യ സെക്രട്ടറി എന്നിവരെ വെവ്വേറെ കണ്ട് പ്രധാനമന്ത്രി ചര്‍ച്ച നടത്തി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്. മോശപ്പെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി വിവരം
9. എന്നാല്‍ ഏതങ്കിലും തരത്തിലുള്ള ഭീഷണിയെപ്പറ്റി ചൈനീസ് പ്രസിഡന്റ് പരാമര്‍ശിച്ചില്ല. കിഴക്കന്‍ ലഡാക്കിലെ പല മേഖലകളിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല തവണ സംഘര്‍ഷങ്ങളുണ്ടായി. ചൈനയുടെ പി.എല്‍.എ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്നു കയറാന്‍ നടത്തിയ ശ്രമങ്ങളെ ഇന്ത്യ ചെറുത്തതോടെ ആയിരുന്നു സംഘര്‍ഷം. അതിര്‍ത്തിയിലെ നിയന്ത്രണരേഖ ഇന്ത്യ ലംഘിച്ചതായുള്ള ചൈനയുടെ ആരോപണം ഇന്ത്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.