fly

പ്രവാസിയുടെ വിയർപ്പു തുള്ളികളാണ് നാട്ടിലുള്ളവരുടെ കഞ്ഞിയിലെ ഉപ്പ് എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത് രോമാഞ്ചത്തോടെയാവും അവർ കണ്ടിരിക്കുക. നിങ്ങളോടൊപ്പം ഈ നാടുണ്ടെന്നും നിങ്ങൾ എവിടൊയായാലും നാട്ടിലെ പ്രിയപ്പെട്ടവർ സുരക്ഷിതരായിരിക്കുമെന്നുമുള്ള വാക്കുകൾ കേട്ടപ്പോൾ മുഖ്യമന്ത്റിയെ കുടുംബത്തിലെ കാരണവരെപ്പോലെയാണ് പ്രവാസികൾ കണ്ടത്. എന്നാൽ സർക്കാരിന്റെ ഏഴുദിവസത്തെ ക്വാറന്റൈന് പ്രവാസികൾ പണം നൽകണമെന്ന ഒറ്റ പ്രഖ്യാപനം കൊണ്ട് മുഖ്യമന്ത്റി അവരുടെ പ്രതീക്ഷകളെല്ലാം തകർത്തു കളഞ്ഞു.

വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവരെല്ലാം സത്യത്തിൽ കൊവിഡിനെ പേടിച്ച് നാടണയുകയാണ്. ഗൾഫിൽ മരണം 130നോട് അടുക്കുന്നു. നിത്യേന നാലും അഞ്ചും മരണങ്ങൾ ജോലിയും വരുമാനവും ഉപേക്ഷിച്ച് ഭാവിയുടെ അനിശ്ചിതമായ ഇരുളിലേക്കാണ് അവർ വിമാനമിറങ്ങുന്നത്. അവരിൽ വർഷങ്ങളോളം ജയിലിൽ കിടന്നവരുണ്ട്, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരുണ്ട്, ഗൾഫിലെ ചങ്ങാതിമാർ ടിക്കറ്റിനുള്ള പണം സ്വരുക്കൂട്ടി നാട്ടിലേക്ക് യാത്രയാക്കിയവരുണ്ട്, വ്യവസായികളുടെ കനിവിൽ ടിക്കറ്റ് കിട്ടിയവരുണ്ട്, തൊഴിൽ നഷ്ടമായി പട്ടിണിയിലായവരുണ്ട്.. പ്രവാസ ജീവിതത്തിന്റെ ഓർമ്മയ്ക്ക് ഒരു ദിർഹമോ റിയാലോ ദിനാറോ ആയി ഇവിടെ വന്നിറങ്ങിയവരുമുണ്ടാവും. പിറന്ന നാടിന്റെ തണലിലേക്ക് വന്നണയാൻ എത്തിയവരെ കണ്ണീരു കുടിപ്പിക്കുന്നതാവും മുഖ്യമന്ത്റീ അങ്ങയുടെ പ്രഖ്യാപനം. വരുന്ന പാവങ്ങൾ സർക്കാരിന്റെ ക്വാറന്റൈൻ തുക അടയ്ക്കാൻ എന്തുചെയ്യുമെന്ന് പത്രലേഖകർ ചോദിച്ചപ്പോൾ അവർ യാത്ര ചെയ്ത് വരികയല്ലേ, പണം അടയ്‌ക്കേണ്ടി വരും എന്നായിരുന്നു മറുപടി.

പ്രവാസിയുടെ അധ്വാനത്തിന്റെ ബലത്തിലാണ് ഈ നാട് കഞ്ഞികുടിച്ച് ജീവിക്കുന്നതെന്ന് പറഞ്ഞ്, മുഖ്യമന്ത്റിയാണ് അവരെ നാട്ടിലേക്ക് ഇരുകൈയും നീട്ടി സ്വാഗതം ചെയ്തത്. നോർക്കയുടെ രജിസ്ട്രേഷൻ പൊളിഞ്ഞപ്പോൾ കേന്ദ്രസർക്കാരിനെ കുറ്റംപറഞ്ഞ്, നാട്ടിലെത്തിയാൽ പിന്നെയെല്ലാം ഞങ്ങൾ നോക്കിക്കോളാമെന്ന് ഈ സർക്കാരാണ് പ്രവാസികൾക്ക് ഉറപ്പ് നൽകിയത്.
സംസ്ഥാനത്ത് 2,46,223 മുറികൾ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും 1,58,885 മുറികൾ സജ്ജമായിക്കഴിഞ്ഞെന്നും ഏപ്രലിൽ മുഖ്യമന്ത്റി പ്രഖ്യാപിച്ചതാണ്. പ്രവാസികൾക്ക് രോഗമുണ്ടായാൽ ചികിത്സയ്ക്ക് ഹോസ്റ്റലുകളിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലുമായി 15,723 ബെഡുകൾ സജ്ജമാക്കിയെന്നും എൻജിനിയറിംഗ്് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലായി 53,092 ബെഡുകളും വ്യവസായ വകുപ്പിന്റെയും മറ്റുമുള്ള കെട്ടിടങ്ങളിൽ 20,098 ബെഡുകളും സ്‌റ്റേഡിയങ്ങളിൽ 918 ബെഡ്റൂമുകളും സജ്ജീകരിച്ചെന്നും സർക്കാർ പ്രഖ്യാപിച്ചതാണ്. ഇപ്പോൾ 12,000 പേർ നാട്ടിലെത്തിയപ്പോഴേക്കും ഈ സൗകര്യങ്ങളെല്ലാം എവിടെപ്പോയെന്നാണ് പ്രവാസികൾ ചോദിക്കുന്നത്.

ഗൾഫിലെ സ്ഥിതി ഇതാണ്

ഗൾഫിലെ സമ്പന്നരല്ല ഈ ഘട്ടത്തിൽ നാട്ടിലെത്തുന്നത്. വിസ കാലാവധി കഴിഞ്ഞവർ, രോഗികൾ, തൊഴിൽ നഷ്ടമായവർ, ജയിൽമോചനം നേടിയവർ, പൊതുമാപ്പ് ലഭിച്ചവർ, ഉറ്റബന്ധുക്കൾ മരിച്ചവർ എന്നിവർക്കാണ് യാത്രാനുമതി. ഇതിൽ ഭൂരിഭാഗം പേർക്കും ഓപ്പറേഷൻ വന്ദേഭാരതിന്റെ ഭാഗമായുള്ള പ്രത്യേക സർവീസുകളിൽ കൂടിയ നിരക്കിലുള്ള ടിക്കറ്റെടുക്കാൻ പണമില്ല. യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും പണമില്ലാത്തതിനാൽ യാത്രഉപേക്ഷിച്ചവർ നിരവധിയുണ്ട്. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി മുറിയിലിരിക്കുന്നവർക്കും ജോലി അന്വേഷിച്ച് വന്ന് മടങ്ങിപ്പോകാൻ ഊഴം കാത്തു നിന്നവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല ടിക്കറ്റ് നിരക്ക്.
ഭക്ഷണം പോലും കഴിക്കാതെ ബാക്കിവച്ച ചെറുനോട്ടുകൾ പെറുക്കിയെടുത്തും തന്നെപ്പോലുള്ള അർദ്ധ പട്ടിണിക്കാരിൽ നിന്ന് കടംവാങ്ങിയും ടിക്കറ്റെടുത്താണ് മിക്കവരും മടങ്ങുന്നത്. അതിനു പോലും നിവൃത്തിയില്ലാത്തവരുമുണ്ട്. മലയാളി സംഘടനകളും മാദ്ധ്യമങ്ങളും വ്യവസായികളുമെല്ലാം കാരുണ്യത്തോടെ സ്‌പോൺസർ ചെയ്യുന്ന ടിക്കറ്റിലാണ് അവരുടെ വരവ്. കയറിപ്പോന്നോളൂ, നാട്ടിൽ എത്തിയാൽ ഞങ്ങൾ നോക്കിക്കൊള്ളാമെന്ന സർക്കാരിന്റെ വാക്കായിരുന്നു അവരുടെ ആത്മധൈര്യം.
അങ്ങനെ നാട്ടിലെത്തുന്നവരിൽ നിന്ന് സർക്കാരിന്റെ സംവിധാനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് പണം വാങ്ങുന്നത്, അത് എത്ര ചെറിയ തുകയായാലും ഈ നാടിന് ചേർന്നതല്ല. ഒറ്റക്കാര്യം മാത്രം ഓർക്കണം,
കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,90,055 കോടിയാണ്. കഴിഞ്ഞവർഷം പ്രവാസികൾ നാട്ടിലേക്കയച്ചത് 68,841 കോടി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്നവരാണ് പ്രവാസികൾ. കഞ്ഞിയിലെ വെറും ഉപ്പു മാത്രമല്ല അവർ. ഗൾഫ് പണം കൊണ്ടാണ് കേരളം നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇത്രയും വളർന്നതെന്ന് നിസംശയം പറയാം.

ടിക്കറ്റ് നിരക്ക് കുതിച്ചുയരും

സാമൂഹ്യ അകലം പാലിക്കാൻ വിമാനത്തിലെ മദ്ധ്യസീറ്റ് ഒഴിച്ചിടണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രവാസികൾക്ക് വൻ തിരിച്ചടിയാണ്. ഇങ്ങനെ സീറ്റ് ഒഴിച്ചിട്ട് സർവീസ് നടത്താൻ ടിക്കറ്റ് നിരക്ക് 40ശതമാനം കൂട്ടേണ്ടി വരുമെന്നാണ് എയർഇന്ത്യ പറയുന്നത്. ഇതോടെ സാധാരണക്കാരുടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങും. നിലവിൽ ഈടാക്കിക്കൊണ്ടിരിക്കുന്നത് സാധാരണ നിരത്തിനേക്കാൾ കൂടിയ തുകയാണ്. ഗൾഫിലേക്ക് വിമാനങ്ങൾ കാലിയായാണ് എത്തുന്നത് എന്ന കാരണത്താലാണ് ഈ കൂടിയ നിരക്ക്. ഇപ്പോഴത്തെ നിരക്കു തന്നെ പലർക്കും താങ്ങാൻ കഴിയുന്നതല്ല. വീണ്ടും ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചാൽ അത് തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കമെന്ന സ്വപ്നം തകർത്തു കളയും.

അവർ വരുന്നത് അമീറിന്റെ കാരുണ്യത്തിൽ

റംസാൻ മാസത്തിൽ കുവൈറ്റ് അമീറിന്റെ കാരുണ്യത്തിന് പാത്രമായി പൊതുമാപ്പ് ലഭിച്ച അഞ്ഞൂറിലേറെ മലയാളികൾ കേരളത്തിലേക്ക് വരുന്നുണ്ട്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സ്വന്തം ചെലവിൽ ജസീറ എയർവെയ്സ് വിമാനങ്ങളിൽ കുവൈറ്റ് സർക്കാർ ഇവരെ നാട്ടിലെത്തിക്കുകയാണ്. അമീറിന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായാണ് പൊതുമാപ്പ് ലഭിച്ചവർക്ക് താമസവും, ഭക്ഷണവും വിമാന ടിക്കറ്റും നൽകി നാടു കടത്തുന്നത്. ഇവർക്ക് ശരിയായ വിസയിൽ വീണ്ടും വരാനും അമീർ അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് കൊവിഡ് പ്റാഥമിക പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തി സർട്ടിഫിക്കറ്റും കുവൈറ്റ് നൽകുന്നുണ്ട്. വിസ ലംഘനം, ചെറിയ കുറ്റകൃത്യങ്ങൾ എന്നിവയിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നവരെയും മോചിതരാക്കി, കുവൈറ്റ് സ്വന്തം ചെലവിൽ നാട്ടിലെത്തിക്കുകയാണ്. ഇവരുടെ പക്കൽ സർക്കാർ നിരീക്ഷണത്തിന് നൽകാനുള്ള പണമുണ്ടാവില്ലെന്ന് ഉറപ്പാണ്.