പറ്റ്ന: അമ്മയെ വിളിച്ചുണർത്താൻ ശ്രമിച്ചും, അമ്മയുടെ പുതപ്പ് ഉയർത്തിയും കളിക്കുകയാണ് ആ കുഞ്ഞ്. അതൊന്നും ദുരിതമകന്ന മറ്റൊരു ലോകത്തേക്ക് യാത്രയായ ആ അമ്മ എന്നാൽ അറിയുന്നില്ല. ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ണുകൾക്ക് ഈറനണിയിക്കുന്ന ഈ കാഴ്ച.
കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിനിൽ വന്നിറങ്ങി തളർന്ന് പ്ളാറ്റ്ഫോമിൽ വീണ ആ അമ്മ പിന്നെ ഉണർന്നില്ല.ലോക്ക് ഡൗൺ കാരണം തൊഴിൽ നഷ്ടമായ കുടിയേറ്ര തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടക്കം തുടങ്ങിയതുമുതൽ അവരുടെ ജീവിതത്തിലുണ്ടായ കടുത്ത ദുരിതത്തിന്റെ മറ്റൊരു നേർകാഴ്ചയാകുകയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായ ഈ വീഡിയോ. ഉത്തരേന്ത്യയിലെ കഠിനമായ ചൂടും,വിശപ്പും, നിർജ്ജലീകരണവും കാരണമാണ് ആ അമ്മ മരിച്ചത്.
ഗുജറാത്തിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിനിൽ വന്നിറങ്ങിയ സ്ത്രീ ശരീരസുഖമില്ലാതെ ഉടൻ കുഴഞ്ഞുവീണു. രണ്ട് വയസ്സുള്ള മകൻ അമ്മയുടെ അടുത്ത് നിന്ന് ഇതൊന്നുമറിയാതെ കളിതുടർന്നു. പിന്നീട് മറ്റൊരു മുതിർന്ന കുട്ടി വന്ന് അവനെ വിളിച്ചുകൊണ്ട് പോകും വരെ. മുൻപ് രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഇതേ പ്ളാറ്റ്ഫോമിൽ മരിച്ചിരുന്നു. ഉഷ്ണതരംഗം രാജ്യത്തിന്റെ പലയിടങ്ങളിലും ശക്തമായതോടെ 50 ഡിഗ്രിയോളമാണ് പലയിടങ്ങളിലും ചൂട്. കുടിയേറ്ര തൊഴിലാളികൾക്ക് തിരികെ മടങ്ങാനുള്ള ട്രെയിൻ ഏർപ്പാടാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ രൂക്ഷമായ തർക്കം നടന്നതും ഇത്തരം സംഭവങ്ങൾ തുടരാൻ കാരണമാകുന്നു.