വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് മരണം ഒരു ലക്ഷം കവിഞ്ഞു. ലോകത്താദ്യമായാണ് ഒരു രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷത്തിലെത്തുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 774 പേർ മരിച്ചു. 17.25 ലക്ഷത്തിലധികം പേർ ചികിത്സയിലാണ്. എന്നാൽ, മഹാമാരിയെ മികച്ച രീതിയിലാണ് രാജ്യം നേരിടുന്നതെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. ചൈനയുമായുള്ള പ്രശ്നങ്ങളും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. സർക്കാർ മികച്ച രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കിയിരുന്നില്ലെങ്കിൽ രാജ്യത്ത് 15 - 20 ലക്ഷത്തോളം പേർ മരിക്കുമായിരുന്നു. മരണം ഒരു ലക്ഷത്തിൽ പിടിച്ചു നിറുത്താൻ കഴിഞ്ഞത് നേട്ടമാണ്. ചൈനയിൽ നിന്നുള്ളവരുടെ പ്രവേശനം രാജ്യത്ത് നേരത്തെ തന്നെ വിലക്കിയിരുന്നു - ട്രംപ് പറഞ്ഞു. രാജ്യത്ത് രോഗവ്യാപനത്തിന് നേരിയ കുറവ് കൈവന്ന സാഹചര്യത്തിൽ ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ വകവെയ്ക്കാതെ നിയന്ത്രണങ്ങൾ നീക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ്. സമ്പദ്‌വ്യവസ്ഥ തുറക്കണമെന്ന് ട്രംപ് നിർബന്ധം പിടിക്കുന്നത് മൂലം സമ്മർദ്ദത്തിലാണ് സംസ്ഥാനങ്ങൾ.
ചക്രവ്യൂഹത്തിൽ ബ്രസീൽ
കൊവിഡ് മരണത്തിൽ ബ്രസീൽ ആഗസ്റ്റ് ആകുമ്പോഴേക്കും അമേരിക്കയെ പിന്നിലാക്കുമെന്ന് റിപ്പോർട്ട്. ആഗസ്റ്റിൽ രാജ്യത്ത് 1,25,000 പേർ മരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിന മരണത്തിൽ അമേരിക്കയേക്കാൾ മുന്നിലാണ് ബ്രസീൽ. ഇന്നലെ മാത്രം 1000ത്തിലധികം പേർ മരിച്ചു. കൊവിഡ് നിയന്ത്രിക്കാൻ സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് ഇപ്പോഴും പ്രസിഡന്റ് ജെയർ ബൊൽസൊനാരോ എതിരാണ്. ആകെ മരണം - 24,593. രോഗികൾ - 3,94,507.
റഷ്യയിൽ ഇന്നലെയും 8,000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 161. ആകെ മരണം - 3,968. രോഗികൾ -3.70 ലക്ഷം.
ലോകത്ത് ആകെ മരണം -3.52 ലക്ഷം
രോഗികൾ - 57.01 ലക്ഷം
ഭേദമായവർ - 24 ലക്ഷം
കൊവിഡ് ബാധിച്ച് മരിച്ചവർക്കായി സ്‌പെയിനിൽ 10 ദിവസം ദുഃഖാചരണം.
ബൾഗേറിയയിൽ റസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവ തുറക്കും.
കേസുകൾ കൂടിയതോടെ ഇളലുകൾ പിൻവലിക്കാനൊരുങ്ങി പാകിസ്ഥാൻ.
ദക്ഷിണ കൊറിയയിൽ പുതിയ 40 കേസുകൾ.
രോഗപ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാറുണ്ടെന്ന് എൽ സാൽവദോർ പ്രസിഡന്റ് നായിബ് ബുക്കലേ.
.