ജനീവ: മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ജൂൺ പകുതിയോടെ അവലോകനം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡിന്റെ അവലോകനത്തിന് ശേഷം ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ ദോഷം, ഗുണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും സംഘടന വൃത്തങ്ങൾ അറിയിച്ചു.
സുരക്ഷാ പ്രശ്നങ്ങളും പാർശ്വഫലങ്ങളും ചൂണ്ടിക്കാട്ടി കൊവിഡ് പ്രതിരോധത്തിന് ഈ മരുന്നിന്റെ ഉപയോഗം താത്ക്കാലികമായി സംഘടന നിറുത്തിയിരുന്നു.
അതിജാഗ്രതയുടെ ഭാഗമായാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ പരീക്ഷണങ്ങൾ താത്കാലികമായി നിറുത്താൻ തീരുമാനിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം തലവൻ ഡോ. മൈക്ക് റയാൻ പറയുന്നത്. ഏറ്റവും അവസാനം ചൈനയിലും ഫ്രാൻസിലും അമേരിക്കയിലും നടന്ന പഠനത്തിലാണ് ഈ മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പുള്ളത്. മൂന്ന് രാജ്യങ്ങളും രോഗികളിൽ പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണങ്ങളിൽ പാർശ്വഫലങ്ങളെക്കുറിച്ചാണ് തെളിവുകൾ ഏറെ ലഭിച്ചത്.