ജെറുസലേം: ചൈനയുമായി ദീർഘനാളായുള്ള സുഖകരമായ ബന്ധം ഇസ്രായേൽ അവസാനിപ്പിക്കുന്നതായി ഇസ്രായേലിയൻ ദിനപത്രം 'ദി ജെറുസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ബാധ്യതകളുള്ള മേഖലകളിൽ നിന്നും ഇസ്രായേൽ ചൈനയെ പുറത്താക്കണമെന്ന അമേരിക്കൻ സമ്മർദ്ദമാണ് ഇതിന് കാരണം.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഇസ്രായേൽ സന്ദർശന വേളയിൽ മേയ് 13ന് ചൈനയുമായുള്ള സംയുക്ത സംരംഭങ്ങളെ കുറിച്ച് പുനർവിചിന്തനം ഇസ്രായേൽ നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് രോഗവ്യാപന സമയത്ത് ഉടലെടുത്ത പ്രതിസന്ധിയാണ് ഇപ്പോഴത്തെ അമേരിക്കൻ ആവശ്യത്തിന് കാരണം. കൊവിഡ് രോഗം ഉത്ഭവ സ്ഥാനമായ ചൈനയിൽ തന്നെ തടയാമായിരുന്നിട്ടും അവർ അത് ചെയ്യാതെ ലോകം മുഴുവൻ ജനങ്ങളെ കൊലയ്ക്ക് കൊടുത്തുവെന്ന് അമേരിക്ക രൂക്ഷമായ ഭാഷയിൽ മുമ്പ് ചൈനയെ അധിക്ഷേപിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് ചൈനയെ ആശ്രയിക്കുന്നത് ആലോചിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
20 ലക്ഷം കോടിയാണ് ഇസ്രായേലിൽ കച്ചവടത്തിലേർപ്പെട്ടിരിക്കുന്ന ചൈനീസ് കമ്പനികൾ നേടുന്ന വരുമാനം.ഇതിലേറെയും നേടിയേക്കാം. ഇസ്രായേൽ ഭരണകൂടം ഇത് അനുവദിച്ച് നൽകാറുമുണ്ട്. ഇത് അവസാനിപ്പിക്കണമെന്നാണ് അമേരിക്കൻ ആവശ്യം. ചൈന കൊവിഡ് രോഗ ബാധ വേണ്ട സമയത്ത് ലോകത്തെവിടെയും അറിയിച്ചില്ല. മാത്രമല്ല അതിന് വേണ്ട പ്രതിവിധികൾ ചെയ്തതുമില്ല. ഈ രണ്ട് കാര്യങ്ങൾക്കും അവരെ ശിക്ഷിക്കാനാണ് അമേരിക്കയുടെ ഇത്തരം നയതന്ത്ര നീക്കം. ചൈനയുടെ വരുമാനം അവസാനിപ്പിക്കുകയും അവരുടെ സഖ്യരാജ്യങ്ങളെ കച്ചവടങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്യാനാണ് ഇപ്പോൾ അമേരിക്ക ശ്രമിക്കുന്നത്. ചൈനീസ് ചാരന്മാരുടെ പ്രവർത്തനത്തെ തുടർന്നുള്ള ഭയവും ഇസ്രായേലിന് ബന്ധത്തിൽ നിന്ന് പിന്മാറാൻ കാരണമായി. ഇവരുടെ പ്രവർത്തനം മൂലം അമേരിക്കയുമായുള്ള നല്ല ബന്ധം നഷ്ടമാകുമെന്ന് ഇസ്രായേൽ ഭയക്കുന്നു.
ഇസ്രായേലിലെ റോഡ്,തുരങ്കങ്ങൾ, ട്രെയിനുകൾ, തുറമുഖങ്ങൾ മുതലായി പലവയുടെയും നിർമ്മാണം ചൈനീസ് കമ്പനികൾക്കാണ്. ഇസ്രായേലും അമേരിക്കയും തമ്മിൽ നടത്തുന്ന പ്രധാന നീക്കങ്ങളെ ചോർത്തിയെടുക്കാൻ ചാരന്മാർ ശ്രമിക്കുമോ എന്ന് ഇസ്രായേലിന് ആശങ്കയുണ്ട്. ഇത്തരത്തിൽ ഇസ്രായേൽ-അമേരിക്ക ബന്ധത്തിൽ ഉലച്ചിൽ വരാതിരിക്കാനാണ് ഇസ്രായേൽ ചൈനീസ് ബന്ധത്തിൽ നിന്ന് പിന്മാറുന്നത്.