google
GOOGLE

സാൻ ഫ്രാൻസിസ്കോ: ലോകത്താകമാനമുള്ള തങ്ങളുടെ ജീവനക്കാർക്ക് ആയിരം ഡോളർ വീതം (75000 രൂപ) അധിക സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൾ. അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാനും തൊഴിലുമായി ബന്ധപ്പെട്ട ഫർണിച്ചർ വാങ്ങാനുമാണ് ഈ തുക. കൊവിഡിനെത്തുടർന്ന് വീട്ടിലിരുന്ന് ജോലിചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. ജൂലായ് ആറ് മുതൽ കമ്പനി കൂടുതൽ നഗരങ്ങളിൽ ഓഫീസ് തുറക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ പത്ത് ശതമാനം പേരെ വീതം ഓഫീസുകളിൽ എത്തിക്കാനാണ് ആലോചന. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ 30 ശതമാനം പേരെ സെപ്തംബർ മാസത്തോടെ ഓഫീസുകളിൽ തിരിച്ചെത്തിക്കും. എന്നാൽ, മഹാമാരിയെ ഇപ്പോഴും പിടിച്ചുനിറുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഭൂരിഭാഗം ജീവനക്കാരും വീടുകളിൽ തന്നെ തുടരാനാണ് സാദ്ധ്യതയെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജീവനക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ആയിരം ഡോളറോ, അല്ലെങ്കിൽ ആ രാജ്യത്ത് അതിന് തുല്യമായ തുകയോ ആവും സഹായമായി ലഭിക്കുക.