പാരീസ്: കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച്, ചെറിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിച്ച് അസുഖം ഭേദമായവരിൽ വീണ്ടും കൊവിഡ് ബാധയുണ്ടാകില്ലെന്ന് പഠനം. ഫ്രാൻസിലെ സ്ട്രാസ്‌ബർഗിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്റർ ആൻഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പഠനം നടത്തിയത്.
രോഗം ബാധിതരായ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുൾപ്പെടെ 160 ആരോഗ്യവിദഗ്ദ്ധരെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇവരിൽ രോഗബാധിതനായ ഒരാളിൽ 15 ദിവസങ്ങൾക്കുള്ളിൽ
ആന്റിബോഡി കാണപ്പെട്ടു. മറ്റുള്ളവരിൽ ശരാശരി 41 ദിവസത്തിനുള്ളിൽ ആന്റിബോഡി സൃഷ്ടിക്കപ്പെട്ടു. ഈ ആന്റിബോഡി വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ളവയാണെന്നും പ്രാഥമിക പഠന റിപ്പോർട്ടിൽ പറയുന്നു. ഇതിനാൽ ഇവർക്ക് വീണ്ടും രോഗം വരാൻ സാദ്ധ്യതയില്ല. കൊവിഡ് വീണ്ടും വരില്ലെന്ന് ഇത് വരെ ഒരു പഠനങ്ങളും തെളിയിച്ചിട്ടില്ലെങ്കിലും ഒരു വിഭാഗം ആളുകളിലെങ്കിലും ആന്റിബോഡികൾ ഉണ്ടാവുന്നുവെന്നത് ആശ്വാസം പകരുന്ന കാര്യമാണ്.