covid
COVID

വാഷിംഗ്ടൺ: വൈറസടക്കമുള്ള സൂക്ഷ്മാണുകൾക്ക് വിമാനത്തിനുള്ളിൽ പെട്ടെന്ന് പടരാൻ സാധിക്കില്ലെന്ന അവകാശവാദമുയർത്തി അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ വിദഗ്ദ്ധർ. യാത്രക്കാർക്കിടയിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ലെന്നും യാത്രക്കാർക്കിടയിൽ സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്നും ഇവർ പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിൽ പറയുന്നു. കൊവിഡിനെ തുടർന്ന് രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ 90 ശതമാനത്തോളം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാർഗനിർദ്ദേശം. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്.

വിമാനത്തിലെ വായുശുദ്ധീകരണ സംവിധാനങ്ങൾ മൂലം മിക്ക വൈറസുകളും അണുക്കളും വിമാനത്തിനുള്ളിൽ വ്യാപിക്കില്ല. എന്നാൽ, വിമാനയാത്ര അപകടരഹിതമാണെന്ന് പറയാൻ സാധിക്കില്ല. അതിനാൽ ജനങ്ങൾ കഴിവതും യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. വിമാന യാത്രക്കാർക്ക് കൂടുതൽ സമയം വിമാനത്താവളത്തിലെ ടെർമിനലിലും മറ്റും ചെലവഴിക്കേണ്ടിവരുന്നതിനാൽ കൂടുതൽ ആളുകളുമായി ഇടപഴകേണ്ടിവരും. ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന വിമാനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ സാധിക്കില്ല. മണിക്കൂറുകൾ ഇത്തരത്തിൽ മറ്റൊരാളിന്റെ സമീപത്ത് ഇരിക്കേണ്ടി വരും. ഇത് രോഗബാധയ്ക്കുള്ള സാദ്ധ്യത കൂട്ടും - വിദഗ്ദ്ധർ കൂട്ടിച്ചേർത്തു. എന്നാൽ, വിമാനത്തിനുള്ളിൽ സാമൂഹ്യ അകലം ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശിക്കുന്നതിന് വിമാന ജീവനക്കാർ പാലിക്കേണ്ട വ്യക്തിഗത പ്രതിരോധ മാർഗങ്ങൾ നിർദ്ദേശിക്കുക മാത്രമാണ് ഡിസീസ് കൺട്രോൾ സെന്റർ ചെയ്തത്.