nasa
NASA

നാസ: അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഏറോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ് രണ്ട് സഞ്ചാരികളെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുമ്പോൾ ശാസ്‌ത്രം പുതിയ നേട്ടങ്ങൾക്ക് വഴി മാറും.
ബഹിരാകാശ ദൗത്യങ്ങൾക്ക് ചരക്കു പേടകവും മനുഷ്യ പേടകവും വിക്ഷേപണ റോക്കറ്റും ആവർത്തിച്ച് ഉപയോഗിക്കാം എന്നതാണ് ശാസ്‌ത്ര നേട്ടം. ഇത് ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് ഗണ്യമായി കുറയ്‌ക്കും. ഇതോടെ ബഹിരാകാശത്ത് സ്വകാര്യ മേഖലയുടെ പുതിയ ആകാശവും തുറക്കും.

ആകസ്‌മികമായി ഒന്നും സംഭവിച്ചില്ലെങ്കിൽ,​ ഇന്ന് പ്രഭാതത്തിൽ 'കേരളകൗമുദി" പത്രം വായനക്കാരിൽ എത്തുമ്പോഴേക്കും രണ്ട് യു. എസ് സഞ്ചാരികൾ കയറിയ 'ക്രൂ ഡ്രാഗൺ' പേടകവുമായി 'ഫാൽക്കൺ 9' റോക്കറ്റ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചിരിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.03നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. നാസയുടെ ഡഗ്ലസ് ഹർലി,​ ബോബ് ബെൻകെൻ എന്നിവരാണ് സഞ്ചാരികൾ. പത്തൊൻപത് മണിക്കൂറിന് ശേഷം ഇവരുടെ പേടകം ബഹിരാകാശ നിലയത്തിൽ സന്ധിക്കണം (ഡെക്കിംഗ്)​.

വിക്ഷേപണ ശേഷം നടക്കേണ്ട ഘട്ടങ്ങൾ

 രണ്ടര മിനിറ്റിൽ റോക്കറ്റിന്റെ ഒന്നാം ഘട്ടം വേർപെട്ട് ഭൂമിയിലേക്ക് മ‌ടക്ക യാത്ര

 ഒന്നാം ഘട്ടം ഭൂമിയിൽ നാല് കാലിൽ ലാൻഡിംഗ്

 ബഹിരാകാശത്ത് രണ്ടാംഘട്ടം ജ്വലിപ്പിച്ച് ക്രൂ ഡ്രാഗൺ മുന്നോട്ട്.

 ആറ് മിനിറ്റിന് ശേഷം രണ്ടാം ഘട്ടം വേ‌ർപെടൽ

 പേടകം ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥമായ 400 കിലോമീറ്റർ ഉയരത്തിലേക്ക്

 മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന നിലയം

12 മണിക്കൂറോളം ക്രൂഡ്രാഗൺ അതേ വേഗതയിൽ നിലയത്തിന് പിന്നാലെ

 ക്രൂ ഡ്രാഗൺ നിലയത്തിൽ സന്ധിക്കൽ

.........................

 ഇന്ത്യൻ സമയം ഇന്ന് രാത്രി 8.59 ആണ് ഡോക്കിംഗ് മുഹൂർത്തം

 ബഹിരാകാശത്തെ 'ഹൈ സ്‌പീഡ് ഡാൻസ് 'എന്നാണ് ഡോക്കിംഗിനെ വിശേഷിപ്പിക്കുന്നത്.

 ഇന്ന് രാത്രി 11. 25ന് ക്രൂഡ്രാഗൺ പേടകത്തിന്റെ ലോക്ക് തുറന്ന് സഞ്ചാരികൾ നിലയത്തിൽ പ്രവേശിക്കണം. ​

 ഒരു മാസം മുതൽ 119 ദിവസം വരെ ഇരുവരും നിലയത്തിൽ കഴിഞ്ഞേക്കാം

 ദൗത്യത്തിന് ശേഷം സഞ്ചാരികളുമായി ക്രൂഡ്രാഗൺ നിലയത്തിൽ നിന്ന് വേർപെടൽ ( അൺ ഡോക്കിംഗ് )​.

 ഭൂമിയിലേക്ക് രണ്ട് ദിവസത്തെ യാത്ര.

 സോളാർ പാനലും മറ്റ് ഉപകരണങ്ങളും അടങ്ങിയ സർവീസ് മൊഡ്യൂൾ ഉപേക്ഷിക്കും

 മണിക്കൂറിൽ 27,​000 കിലോമീറ്റർ വേഗതയിൽ ക്രൂഡ്രാഗൺ ഭൗമാന്തരീക്ഷത്തിലേക്ക്

 അതിവേഗതയും ഭൗമാന്തരീക്ഷത്തിലെ ഘർഷണവും മൂലം പേടകത്തിന്റെ ബാഹ്യകവചം ചുട്ടു പഴുക്കും.

 ഏകദേശം സൂര്യനിലെ ചൂട് -15ദശലക്ഷം ഡിഗ്രി സെൽഷ്യസ്.

 താപകവചം സഞ്ചാരികളെ ചൂടിൽ നിന്ന് രക്ഷിക്കും

 ഭൂമിയോട് അടുക്കുമ്പോൾ പാരച്യൂട്ടുകൾ വേഗത കുറയ്ക്കും

 അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രൂ ഡ്രാഗൺ പതിക്കും

 സ്‌പേസ് എക്‌സിന്റെ കപ്പൽ പേടകത്തെ വീണ്ടെടുക്കും