സിനിമയെ സ്നേഹിക്കുന്നവർക്കെന്നല്ല ഒരിക്കൽ പരിചയപ്പെട്ട ആർക്കും പ്രസന്നൻ ചേട്ടനെ മറക്കാനാവില്ല. തലസ്ഥാന നഗരിയിലെ ചലച്ചിത്ര വേദികളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു. പ്രത്യേകിച്ചും ഫിലിം ഫെഡറേഷന്റെയും സൂര്യയുടെയും വേദികളിൽ. സംഘാടകനെന്നനിലയിൽ സജീവമാകുമ്പോഴും ആൾ നിശബ്ദനായിരുന്നു. ആവശ്യത്തിനു മാത്രം സംസാരം. തികച്ചും മാന്യനായ നല്ല മനുഷ്യൻ.
അടുപ്പമുള്ളവരെല്ലാം പ്രസന്നൻ ചേട്ടനെന്ന് വിളിക്കുന്ന കെ.എസ്. പ്രസന്നകുമാർ സംസ്ഥാന സഹകരണബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജരായാണ് സർവീസിൽ നിന്ന് വിരമിച്ചത്. മനസ്സ് നിറയെ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു.
കൃഷ്ണമൂർത്തിയോടൊപ്പം സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ രൂപീകരണകാലം മുതൽക്കെയുള്ള സ്ഥാപകാംഗമായിരുന്നു. സൂര്യയുടെ പരിപാടികൾ നടക്കുമ്പോൾ പ്രസന്നൻ ചേട്ടൻ അവിടെയുണ്ടാകും. സൂര്യയുടെ വൈസ് പ്രസിഡന്റാണെന്ന ഭാവമില്ലാതെ. സൂര്യയുടെയും ഫിലിം ഫെഡറേഷന്റെയും വാർത്തകളുമായി പത്രമോഫീസുകളിൽ കയറിയിറങ്ങും. വിപുലമായ സൗഹൃദവലയത്തിന്റെയും ഉടമയായിരുന്നു. തിരുവനന്തപുരം നന്ദാവനം കല്ലറവിളാകം കുടുംബാംഗമാണ്.
ജീവിതത്തെ ലളിതമായിക്കണ്ടു. കഴിഞ്ഞ വർഷം ഒഴികെ ഗോവ ചലച്ചിത്രോത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പ്രമുഖ ജപ്പാൻ നർത്തകി ഹിരോമി മാരുഹാഷി തിരുവനന്തപുരത്തെത്തുമ്പോൾ താമസിച്ചിരുന്നത് പ്രസന്നൻ ചേട്ടന്റെ വഞ്ചിയൂരിലെ വസതിയിലായിരുന്നു. പ്രസന്നന്റെ മരണവാർത്തയറിഞ്ഞ് ഹിരോമി വിതുമ്പി." എന്റെ ഗോഡ്ഫാദർ പോയി.." അവർ പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് പ്രസന്നൻ ചേട്ടൻ രോഗബാധിതനായത്. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു മരണം സംഭവിച്ചത്. ഇന്നുരാവിലെ 11 ന് ശാന്തികവാടത്തിൽ സംസ്കാരം നടക്കും. ഭാര്യ റഗീതയുടെ സ്നേഹപൂർണമായ പരിചരണമാണ് ആ ജീവൻ നീട്ടിക്കൊണ്ടുപോയത്. എഴുപത് വയസായിരുന്നു. ഹൃദയം നിറഞ്ഞ ചിരിയുമായി സുഹൃത്തുക്കൾക്കു മുന്നിൽ നിന്ന ആ മുഖവും മായുന്നു.