uthra-murder

 ആദ്യം തിരക്കിയത് കുഞ്ഞിനെ

അടൂർ : ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെ ഇന്നലെ അടൂരിലെ ഇയാളുടെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. സൂരജിന് പാമ്പിനെ നൽകിയ സുരേഷും ഒപ്പമുണ്ടായിരുന്നു.

അന്വേഷണസംഘം എത്തുന്ന വിവരം അറിഞ്ഞ് അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർഡ്, സർക്കിൾ ഇൻസ്പെക്ടർ യു. ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സൂരജിന്റെ കേസ് വാദിക്കുന്ന ഹൈക്കോടതി അഭിഭാഷകൻ ഐ.വി. പ്രമോദ് ഇതിനിടെ വീട്ടിലെത്തി മാതാപിതാക്കളോട് വിവരങ്ങൾ ആരാഞ്ഞ് മടങ്ങി.

പതിനൊന്ന് മണിയോടെ പ്രതികളുമായി അന്വേഷണം സംഘം രണ്ടു ജീപ്പുകളിലായി എത്തി. വീട്ടിലെത്തിയയുടൻ ബന്ധുവായ യുവാവിനോട് തന്റെ കുഞ്ഞ് എവിടെയെന്ന് സൂരജ് കരഞ്ഞുകൊണ്ട് ചോദിച്ചു. അപ്പുറത്തുണ്ടെന്നായിരുന്നു ഇയാളുടെ മറുപടി.

സ്റ്റെയർകേസിൽ ആദ്യം പാമ്പ് കിടന്നത് എവിടെയെന്ന് പൊലീസ് ആരാഞ്ഞു. ചേരക്കുഞ്ഞായിരുന്നെന്നും അച്ഛൻ അതിനെ കമ്പിൽ കൊരുത്ത് പുറത്തുകളഞ്ഞെന്നും സൂരജ് പറഞ്ഞു.

മുകളിലത്തെ നിലയിലുള്ള സൂരജിന്റെയും ഉത്രയുടെയും കിടപ്പുമുറിയിലും തെളിവെടുത്തു. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത് ഇവിടെ വച്ചാണ്. കടിയേറ്റപ്പോൾ വേദനസംഹാരി നൽകിയെന്ന് സൂരജ് പറഞ്ഞിരുന്നു. ഇതിന്റെ അവശിഷ്ടം കണ്ടെത്താൻ വീടും പരിസരവും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

മാതാപിതാക്കളെ കാണാനും സൂരജിനെ അനുവദിച്ചു. മകനെ കണ്ടതോടെ മാതാവ് രേണുകയും സഹോദരി സൂര്യയും അലമുറയിട്ട് കരഞ്ഞു. കുട്ടിയെ ഉത്രയുടെ വീട്ടകാർക്ക് വിട്ടുകൊടുത്തത് ഇവർ പറഞ്ഞപ്പോഴാണ് സൂരജ് അറിയുന്നത്.

നടപടികൾ പൂർത്തിയാക്കി പൊലീസ് പന്ത്രണ്ടേകാലോടെ മടങ്ങി.

സുരേഷ് പാമ്പിനെ കൈമാറിയ ഏനാത്തും അതിനെ സൂക്ഷിക്കാൻ പ്ളാസ്റ്റിക് ഡെപ്പ വാങ്ങിയ സമീപത്തെ കടയിലും വരുംവഴി തെളിവെടുത്തിരുന്നു. സൂരജിനെ കാണാൻ നൂറുകണക്കിന് ആളുകളാണ് പരിസരപ്രദേശത്ത് തടിച്ചുകൂടിയത്.