വാഷിംഗ്ടൺ: 'എനിക്ക് ശ്വസിക്കാനാവുന്നില്ല, മമ്മാ, മമ്മാ..."
ജോർജ് ഫ്ലോയിഡെന്ന കറുത്ത വർഗക്കാരൻ യുവാവിന്റെ ദയനീയമായ നിലവിളി ഓരോ മനുഷ്യന്റെയും കാതുകളിൽ മുഴങ്ങുകയാണ്.
തിങ്കളാഴ്ച അമേരിക്കയിലെ മിനിയാപൊളിസിലെ തെരുവിലാണ് ജോർജ് ജീവനു വേണ്ടി നിലവിളിച്ചത്.
വ്യാജരേഖക്കേസിൽ ജോർജിനെ നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്യുമ്പോഴാണ് സംഭവം.
ഷർട്ട് ഊരി നിലത്തു കമഴ്ത്തി കിടത്തിയ ശേഷം വെള്ളക്കാരനായ ഒരു പൊലീസുകാരൻ കാൽമുട്ടു കൊണ്ട് ജോർജിന്റെ കഴുത്തിൽ അമർത്തി. കാൽമുട്ട് തന്റെ കഴുത്തിലാണെന്നും ശ്വസിക്കാനാവുന്നില്ലെന്നും പറഞ്ഞ് അമ്മയെ വിളിച്ച് ജോർജ് കരഞ്ഞിട്ടും പൊലീസുകാരൻ ദയവ് കാട്ടിയില്ല. അവശനായ ജോർജിനോട് എണീറ്റ് കാറിൽ കയറാൻ മറ്റ് പൊലീസുകാർ ആവശ്യപ്പെട്ടു. പിന്നീട്, ജോർജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ, തെരുവിലൂടെ നടന്നു പോയവർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്ത് വിട്ടതോടെ കൊടും ക്രൂരത ലോകമറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ പുറത്താക്കിയതായി മേയർ ജേക്കബ് ഫ്രേ പറഞ്ഞു.
'പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണം.ദൃശ്യങ്ങളിൽ കണ്ടത് എല്ലാ തരത്തിലും തെറ്റായ കാര്യമാണ്. അഞ്ചു മിനിറ്റോളമാണ് പൊലീസ് ഉദ്യോഗസ്ഥൻ ജോർജിന്റെ കഴുത്തിൽ മുട്ട് അമർത്തിപ്പിടിച്ചത്. കറുത്ത വർഗക്കാരനാകുന്നത് അമേരിക്കയിൽ മരണശിക്ഷയ്ക്ക് അർഹമായ കുറ്റമല്ല."- മേയർ പറഞ്ഞു. പൊലീസുകാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം അരങ്ങേറി. കേസന്വേഷണം എഫ്.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞയിടയ്ക്കായി അമേരിക്കയിൽ കറുത്തവർഗക്കാർക്കെതിരെയുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്.