peru-mayor
PERU MAYOR

ചിലി: ലോക്ക്ഡൗൺ തെറ്റിച്ച് പുറത്തിറങ്ങി കറങ്ങിനടന്നു,​ ഒടുവിൽ പൊലീസ് പിടിക്കാനെത്തിയപ്പോഴോ മരിച്ചതുപോലെ അഭിനയിച്ച് ഒറ്റക്കിടപ്പ്! ഗംഭീര അഭിനയം കാഴ്ച വച്ചിരിക്കുന്നതോ,​ പെറുവിലെ മേയറും! പെറുവിലെ ടന്റാര ന​ഗരത്തിലെ മേയറായ ജെയ്മെ റോളാൻഡോ ഉർബിന ടോറസാണ് മുഖാവരണം ധരിച്ച്, ശവപ്പെട്ടിക്കുള്ളിൽ മരിച്ചത് പോലെ കണ്ണടച്ച് കിടന്ന് പൊലീസിനെ കബളിപ്പിക്കാൻ ശ്രമം നടത്തിയത്.

തിങ്കളാഴ്ച രാത്രി കർഫ്യൂ നിയമങ്ങൾ ലംഘിച്ച് സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകുകയും മദ്യപിക്കുകയും ചെയ്തതിനെ തുടർന്നാണ് മേയറെ അറസ്റ്റ് ചെയ്യാൻ‌ പൊലീസ് എത്തിയത്. ഇദ്ദേഹം മരണം അഭിനയിക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊവിഡ് വ്യാപനം അതി​ഗുരുതരമാകുന്ന സമയത്ത് മേയറുടെ ഈ പ്രവർത്തി വൻവിമർശനത്തിന് കാരണമായിത്തീർന്നിരിക്കുകയാണ്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു. പൊലീസ് തന്നെയാണ് മേയർ ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്ന ചിത്രം പുറത്തുവിട്ടത്.

കൊവിഡ് രോ​ഗബാധയെ കൈകാര്യം ചെയ്യുന്നതിൽ ഇദ്ദേഹം വൻപരാജയമാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ വിമർശനം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വെറും എട്ട് ദിവസം മാത്രമാണ് അദ്ദേഹം ടന്റാരയിൽ ഉണ്ടായിരുന്നത്. പൊതു സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ന​ഗരത്തിൽ നടപ്പിലാ‍ക്കിയിട്ടില്ല. ബ്രസീലിന് ശേഷം കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സൗത്ത് അമേരിക്കൻ രാജ്യങ്ങളിലൊന്നാണ് പെറു.