ന്യൂഡൽഹി:- മൂന്ന് വർഷം മുൻപ് ഇന്ത്യ-ചൈന-ഭൂട്ടാൻ ത്രികക്ഷി ജംഗ്ഷനായ ഡോക് ലാമിൽ നടത്തിയ ചൈനീസ് കടന്നുകയറ്റത്തെ ഫലപ്രദമായി നേരിട്ട ഇന്ത്യൻ നയതന്ത്ര സംഘത്തെ തന്നെ ലഡാക്കിലെ ചൈനീസ് പ്രകോപനത്തിൽ പ്രതിരോധം സൃഷ്ടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചുമതലയേൽപ്പിക്കുന്നു.
നിലവിൽ വിദേശ കാര്യമന്ത്രിയായ എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് എന്നിവരാണവർ. 2017ലെ സംഘർഷ സമയത്ത് ബിപിൻ റാവത്ത് കരസേനാ മേധാവിയും എസ്. ജയശങ്കർ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. അന്ന് 73 ദിവസത്തോളമെടുത്താണ് സംഘർഷം പിൻവലിച്ചത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രണ്ട് ട്രൂപ്പുകളെ ലഡാക്കിലെ സംഘർഷ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിന് പ്രതിരോധം സൃഷ്ടിച്ച് ഇന്ത്യയുടെ സമുദ്രനിരപ്പിൽ നിന്നും ഉന്നതിയിലുള്ള സ്ഥലങ്ങളിൽ പ്രാവീണ്യമുള്ള സേനാംഗങ്ങളെ ഇന്ത്യയും വിന്യസിച്ച് കഴിഞ്ഞു. ദൗലത് ബേഗ് ഓൾഡി പ്രദേശത്തെ ഇന്ത്യൻ നിർമ്മാണങ്ങളെ വിരട്ടി നിർത്തി വയ്പ്പിക്കുവാനാണ് ഇവിടെ സേനാവിന്യാസത്തിലൂടെ ചൈന ശ്രമിക്കുന്നത്. അക്സൈ ചിന്നിലെ ചൈനീസ് പ്രവർത്തനങ്ങൾക്ക് ഭീഷണിയാണ് ഇത് എന്ന തോന്നലിനെ തുടർന്നാണിത്.
പരസ്പരമുള്ള ബഹുമാനം നിലനിർത്തി സ്വാസ്ഥ്യത്തോടെ ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിനാണ് ശ്രമമെങ്കിലും ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാനാണ് മൂന്നംഗ ടീമിനെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാങ്കോങ് ത്സോ,ഗാൽവൻ, ഡെപ്സാങ് സമതലം എന്നിവിടങ്ങളിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ചൈന അവരുടെ അതിർത്തി പ്രദേശങ്ങളിൽ നടത്തുന്ന നിർമ്മാണങ്ങളെ ഇന്ത്യ ചോദ്യം ചെയ്യുന്നില്ല.
എന്നാൽ ഇന്ത്യ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളെല്ലാം തലസ്ഥാനത്ത് നിന്നും സൈനിക ഉദ്ദേശത്തോടെ ചെയ്യുന്നതാണ് എന്ന തോന്നലിൽ ചൈന എതിർക്കുകയാണ് പതിവ്. ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാനുമൊത്ത് ഇന്ത്യയെ പിന്മാറാൻ ശ്രമിക്കുന്ന ചൈനയോട് വഴങ്ങാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അതിർത്തി നവീകരണത്തിന് കൂടുതൽ സേനയെ നിയോഗിക്കുന്നതിലൂടെ ചൈനക്ക് ഇന്ത്യ പ്രകോപനമാകുന്നത്. 1962ലെ യുദ്ധഫലം സൂചിപ്പിച്ച് വിരട്ടാൻ ശ്രമിക്കുമ്പോൾ 1962 അല്ല 2020 എന്ന് ബോദ്ധ്യപ്പെടുത്തുക തന്നെയാണ് ലഡാക്കിൽ ഇന്ത്യ.