ന്യൂഡൽഹി : ഒാപ്പണിംഗിൽ തന്റെ പ്രിയപ്പെട്ട പങ്കാളി മുരളി വിജയ് ആണെന്ന് ഇന്ത്യൻ ഒാപ്പണർ ശിഖർ ധവാൻ. സഹതാരം രവിചന്ദ്രൻ അശ്വിനുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് ധവാൻ മുരളിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ചത്.
മൂന്ന് ഫോർമാറ്റുകളിലും ഇന്നിംഗ്സ് ഒാപ്പൺ ചെയ്യുന്ന ധവാനൊപ്പം ടെസ്റ്റിലാണ് മുരളി വിജയ് ഇന്നിംഗ്സ് തുറക്കാനിറങ്ങുന്നത്. പങ്കാളികളിൽ മുരളി വിജയ്ക്കൊപ്പമിറങ്ങുന്നതാണ് ഏറെ സന്തോഷമെന്ന് ധവാൻ പറയുന്നു.ലോക്ക്ഡൗൺ കഴിഞ്ഞാൽ മുരളിയെ നേരിട്ടുകാണാനും സംസാരിക്കാനും ഏറെ കൊതിയുണ്ടെന്നും ഇന്ത്യൻ ഒാപ്പണർ പറഞ്ഞു. ധവാൻ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മൽസരത്തിൽ 289 റൺസിന്റെ കൂട്ടുകെട്ടാണ് മുരളി വിജയ്ക്കൊപ്പം ഉണ്ടാക്കിയത്. 24 ടെസ്റ്റുകളിലാണ് ഇരുവരും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തിട്ടുള്ളത്.
ഭാര്യയെപ്പോലെ
മുരളി വിജയ്‌യുടെ ഗ്രൗണ്ടിലെയും പുറത്തെയും സ്വഭാവം ആകർഷകമാണ്. തനിക്ക് അദ്ദേഹത്തെ വളരെ അടുത്ത് അറിയാമെന്നും ധവാൻ പറയുന്നു.തന്റെ ഭാര്യയുടേതുപോലെയാണ് മുരളി വിജയ്‌യുടെ സ്വഭാവവും വർത്തമാനവുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് അദ്ദേഹത്തോടു പറഞ്ഞിട്ടുമുണ്ട്. രണ്ടുപേരും പറയുന്നത് മനസിലാക്കാൻ വലിയ പ്രയാസമാണ്. ഇപ്പോൾ പറയുന്ന കാര്യത്തിന്റെ അർത്ഥം പിടികിട്ടാൻ ചിലപ്പോൾ ഒരു വർഷമെടുത്തേക്കും.ഇടയ്ക്ക് പിണങ്ങിയാലും അത് മാറാൻ അധികം സമയം വേണ്ട.
അടിയുണ്ടാക്കും
തങ്ങൾ അടിയുണ്ടാക്കുന്നത് വിക്കറ്റിനിടയിലെ ഒാട്ടത്തിനെച്ചൊല്ലിയാണെന്ന് ധവാൻ പറയുന്നു.എന്നാൽ അതു പെട്ടെന്നു തന്നെ ശരിയാകാറുണ്ടെന്നും ധവാൻ വ്യക്തമാക്കി.ഏത് പ്രശ്നമുണ്ടെങ്കിൽ തന്നെ അതു പെട്ടെന്നുതന്നെ മറക്കാൻ മുരളി വിജയ് തയ്യാറാകും. അദ്ദേഹത്തോടൊപ്പം തമാശകൾ പറയാൻ കാത്തിരിക്കുകയാണെന്നും ധവാൻ പറഞ്ഞു.
ഓടക്കുഴൽ
ക്രിക്കറ്റ് കഴിഞ്ഞാൽ തനിക്ക് ഏറെയിഷ്ടം ഒാടക്കുഴൽ വായനയാണെന്ന് ധവാൻ പറഞ്ഞു.അഞ്ച് വർഷത്തോളമായി ഓടക്കുഴൽ പഠിക്കുന്നു. അതു വളരെ മികച്ചൊരു അനുഭവമാണ്. റോഡിൽ ആരെങ്കിലും ഓടക്കുഴൽ വായിച്ചാൽ പോലും അതു കേൾക്കാറുണ്ട്. അങ്ങനെ എനിക്കും പഠിക്കണമെന്നു തോന്നി. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തു.
കമന്റേറ്റർ
കളിക്കളത്തിൽ നിന്ന് നിന്നു വിരമിച്ചു കഴിഞ്ഞാൽ സ്പോർട്സ് ചാനലിൽ ഹിന്ദി കമന്റേറ്ററാകാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധവാൻ പറഞ്ഞു. വിരമിക്കലിനു മോട്ടിവേഷണൽ സ്പീക്കർ ആകണമെന്നും ആഗ്രഹമുണ്ട്. ഓടക്കുഴൽ പഠനം കൂടുതൽ കാര്യമായി എടുക്കാനും ആലോചിക്കുന്നുണ്ട്.
എന്റെ ഭാര്യയുടേതുപോലെ പോലെ തന്നെയാണ് മുരളി വിജയ്‌യുടെ സ്വഭാവവും. രണ്ടുപേരും എന്താണ് പറയുന്നതെന്ന് പെട്ടെന്ന് മനസിലാവില്ല.
- ശിഖർ ധവാൻ