കാസർകോട്: കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു. പൈവളികെ ഗ്രാമ പഞ്ചായത്ത് 13ാം വാർഡിൽ സുബ്ബയ്യക്കട്ട കിണക്കപ്പാടി കൂടാറിലെ മജിലാർ ഹൗസിൽ നാരായണൻ(45), സഹോദരൻ ശങ്കരൻ (35) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. പറമ്പിലെ 30 അടിയോളം ആഴമുള്ള കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങിയ നാരായണൻ ശ്വാസം കിട്ടാതെ പിടയുന്നതുകണ്ട് രക്ഷപ്പെടുത്താൻ സഹോദരൻ ശങ്കരനും ഇറങ്ങുകയായിരുന്നു. താഴെയെത്തിയ ശങ്കരനും ശ്വാസംകിട്ടാതെ പിടഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എട്ടരയോടെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉപ്പള ഫയർഫോഴ്സ് സംഘം എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടുപേരും കൂലിപ്പണിക്കാരായിരുന്നു.
പരേതനായ ഐത്തയുടെയും ഭാഗിയുടെയും മക്കളാണ്. കലാവതിയാണ് നാരായണന്റെ ഭാര്യ. ഭാരതിയാണ് ശങ്കരന്റെ ഭാര്യ. രണ്ടുപേർക്കും മക്കളില്ല. മാധവൻ സഹോദരനാണ്. മൃതദേഹം മംഗൽപ്പാടി സി. എച്ച് .സി മോർച്ചറിയിലേക്കു മാറ്റി.
അപകടത്തിൽ പെട്ട പശുക്കുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ചു. സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ് കുമാർ, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ടി. ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വായുസഞ്ചാരം ഇല്ലാതെ
ആൾമറയില്ലാത്ത കിണർ വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിരുന്നു. അതിനിടയിലെ ചെറിയ വിടവിലൂടെയാണ് പശുക്കിടാവ് വീണത്. കിണറ്റിൽ വായുസഞ്ചാരം ഇല്ലാത്തതിനാൽ ഇരുവരും ശ്വാസം കിട്ടാതെ വീഴുകയായിരുന്നു. കിണറ്റിലെ വെള്ളത്തിന്റെ മുകളിൽ ഓക്സിജൻ കിട്ടുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ശ്വസനോപകരണങ്ങൾ ഘടിപ്പിച്ചാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഇറങ്ങിയത്.