മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ളാറ്ര്‌ഫോംസിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) അമേരിക്കൻ ഓഹരി വിപണിയായ നാസ്‌ഡാക്കിൽ നടത്തിയേക്കും. ഇന്ത്യൻ കമ്പനികളെ വിദേശ ഓഹരി വിപണികളിൽ നേരിട്ട് ലിസ്‌റ്ര് ചെയ്യാൻ അനുവദിക്കുമെന്ന് കഴിഞ്ഞ 17ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ ജിയോയുടെ 17.12 ശതമാനം ഓഹരികൾ ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള കമ്പനികൾ വാങ്ങിയിരുന്നു. മൊത്തം 78,562 കോടി രൂപ നിക്ഷേപം ഈയിനത്തിൽ ജിയോ നേടി. ഇത്തരത്തിൽ, മൊത്തം 25 ശതമാനം ഓഹരികൾ വിറ്റഴിച്ച ശേഷം 2021ൽ ഐ.പി.ഒ നടത്താനാണ് നീക്കം. ഇക്കാര്യം റിലയൻസ് ഇൻഡസ്‌ട്രീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ തത്കാലം ഐ.പി.ഒ ഉണ്ടാകില്ല.
അതേസമയം, ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി (25) ജിയോ പ്ളാറ്ര്‌ഫോംസിന്റെ അഡിഷണൽ ഡയറക്‌ടറായി നിയമിതനായി. അനന്തിന്റെ സഹോദരങ്ങളായ ആകാശ്, ഇഷ എന്നിവർ 2014 മുതൽ ഡയറക്‌ടർമാരാണ്.