ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായുള്ള, താത്പര്യപത്രം സമർപ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസർക്കാർ ജൂലായ് 31ലേക്ക് നീട്ടി. ഇതു രണ്ടാംവട്ടമാണ് കാലാവധി നീട്ടുന്നത്. മേയ് രണ്ട് ആയിരുന്നു ആദ്യം നിശ്‌ചയിച്ചിരുന്നത്. പിന്നീടിത് ജൂൺ 13വരെ നീട്ടിയിരുന്നു.
കഴിഞ്ഞ നവംബറിലാണ്, ബി.പി.സി.എല്ലിൽ സർക്കാരിനുള്ള 52.98 ശതമാനം ഓഹരികൾ പൂർണമായി വിറ്റൊഴിയാൻ കേന്ദ്ര കാബിനറ്റ് അനുമതി നൽകിയത്. കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്‌ചാത്തലത്തിലാണ് അന്തിമതീയതി വീണ്ടും നീട്ടിയതെന്ന് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്ര്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) വ്യക്തമാക്കി. ബി.പി.സി.എല്ലിൽ സർക്കാരിനുള്ള 114.91 കോടി ഓഹരികളാണ് വിറ്റൊഴിയുക. ഇതിൽ, അസമിലെ നുമാലിഗഢ് ഓയിൽ റിഫൈനറി ഉൾപ്പെടുന്നില്ല. ഈ റിഫൈനറി മറ്രേതെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനിക്ക് കൈമാറും.
1,000 കോടി ഡോളർ (75,000 കോടി രൂപ) മൂല്യമുള്ള സ്വകാര്യ കമ്പനിക്ക് താത്പര്യപത്ര നടപടിയിൽ പങ്കെടുക്കാം. പരമാവധി നാലുകമ്പനികളുടെ കൺസോർഷ്യത്തിനും പങ്കെടുക്കാം. കൺസോർഷ്യത്തിനെ നയിക്കുന്ന കമ്പനി 40 ശതമാനം ഓഹരികൾ കൈവശം വയ്ക്കണം. കുറഞ്ഞത് 100 കോടി ഡോളർ (7,500 കോടി രൂപ) മൂലധനവും വേണം. കൺസോർഷ്യത്തിൽ 45 ദിവസത്തിന് ശേഷമേ മറ്റം വരുത്താനാകൂ. എന്നാൽ, നായക കമ്പനിക്ക് മാറാനാവില്ല. സർക്കാർ ഓഹരികൾ ഏറ്റെടുക്കുന്ന കമ്പനി/കൺസോർഷ്യം, അതേ ഓഹരിവിലയ്ക്ക് ഓപ്പൺ ഓഫറിലൂടെ 26 ശതമാനം ഓഹരികൾ കൂടി വാങ്ങണമെന്ന് നിബന്ധനയുണ്ട്.
വിറ്രൊഴിയുന്നതിൽ
കൊച്ചി റിഫൈനറിയും
മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസാം) എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിനുള്ളത്. ഇതിൽ നുമാലിഗഢ് ഒഴികെയുള്ളവയാണ് വിറ്രൊഴിയുന്നത്. മൊത്തം 38.3 മില്യൺ ടണ്ണാണ് ബി.പി.സി.എൽ റിഫൈനറികളുടെ മൊത്തം ശേഷി. ഇന്ത്യയുടെ മൊത്തം പെട്രോളിയം സംസ്കരണശേഷിയുടെ 15 ശതമാനമാണിത്. 15,177 പെട്രോൾ പമ്പുകൾ ബി.പി.സി.എല്ലിനുണ്ട്. എൽ.പി.ജി ബോട്ടിലിംഗ് പ്ളാന്റുകൾ 51. എൽ.പി.ജി ഡിസ്‌ട്രിബ്യൂട്ടർ എജൻസികൾ 6,011.
₹2.1 ലക്ഷം കോടി
നടപ്പു സമ്പദ്‌വർഷം (2020-21) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ് കേന്ദ്ര ലക്ഷ്യം. ബി.പി.സി.എല്ലിന്റെ ഓഹരിമൂല്യം 68,223 കോടി രൂപയാണ്. സർക്കാർ ഓഹരികളുടെ മൂല്യം 36,159 കോടി രൂപ.