തിരുവനന്തപുരം: വലിയതുറ മുതൽ ശംഖുംമുഖം വരെയുള്ള തീരദേശ മേഖലയിലെ കടൽഭിത്തി നിർമ്മാണത്തിന് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ വേഗത്തിലാക്കി കാലവർഷത്തിന് മുമ്പുതന്നെ നിർമ്മാണം പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. വലിയതുറ സെന്റ് മേരീസ് ലെയിൻ മുതൽ 580 മീറ്റർ നീളം കടൽഭിത്തി നിർമ്മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് മേജർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രിയുമായി ചർച്ച നടത്തി. എം.എൽ.എ ഫണ്ടിൽ നിന്നുള്ള രണ്ട് കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. നാല് കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമേ ഈ തുക കൂടി വിനിയോഗിക്കും. വലിയതുറ പാലം മുതൽ ചെറിയതുറ വരെയുള്ള മേഖലകളിലും, വെട്ടുകാട് പ്രദേശങ്ങളിലും എം.എൽ.എ ഫണ്ടിൽ നിന്നു തുക വിനിയോഗിച്ച് കടൽഭിത്തി നിർമ്മിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുന്നതിന് സ്‌പെഷ്യൽ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും കത്ത് നൽകിയെന്നും എം.എൽ.എ അറിയിച്ചു.