സച്ചിൻ അക്തറിന്റെ ബൗൺസറുകളെ ഭയന്ന് കണ്ണടച്ചെന്ന് ആസിഫിന്റെ അവകാശവാദം
അന്ന് സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി ഷൊയ്ബ് അക്തർ
ലാഹോർ : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് പാകിസ്ഥാൻ പേസ് ബൗളർ ഷൊയ്ബ് അക്തറിന്റെ ബൗൺസറുകളെ നേരിടാൻ പേടിയായിരുന്നുവെന്ന അവകാശവാദവുമായി മുൻ പാക് താരം മുഹമ്മദ് ആസിഫ്. ഇതിന് ഉദാഹരണമായി 2006-ലെ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിലെ സംഭവങ്ങൾ ആസിഫ് 'ദ ബർഗേഴ്‌സ്' എന്ന ടി വി ഷോയിൽ ആസിഫ് ചൂണ്ടിക്കാട്ടി.എന്നാൽ ആ പരമ്പരയിൽ തനിക്കും സച്ചിനുമിടയിൽ സംഭവിച്ച യഥാർത്ഥ കാര്യം അക്തർ തന്നെ തൊട്ടുപിന്നാലെ വെളിപ്പെടുത്തി.
ആസിഫിന്റെ വീരവാദം
അന്ന് അക്തർ അപാരമായ വേഗത്തിലായിരുന്നു പന്തെറിഞ്ഞത്. നല്ല ബൗൺസറുകൾ തീമഴപോലെ പെയ്തിറങ്ങി. സ്‌ക്വയർ ലെഗ്ഗിൽ അമ്പയർക്ക് അടുത്തായിരുന്നു താൻ ഫീൽഡ് ചെയ്തിരുന്നത്. അക്തറിന്റെ ബൗൺസറുകളെ നേരിടുമ്പോൾ പലപ്പോഴും സച്ചിൻ കണ്ണുകൾ അടച്ചിരുന്നത് താൻ കണ്ടു. ഭയപ്പാടോടെയാണ് സച്ചിൻ അക്തറിനെ നേരിട്ടുകൊണ്ടിരുന്നതെന്നും ആസിഫ് പറഞ്ഞു.
അക്തർ പറഞ്ഞത്
ആ പരമ്പരയിലെ സമനിലയിൽ കലാശിച്ച ഫൈസലാബാദ് ടെസ്റ്റിൽ സച്ചിനെ ഒന്നാമിന്നിംഗ്സിൽ താൻ 14 റൺസിന് പുറത്താക്കിയിരുന്നു. സച്ചിനുയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ എന്തൊക്കെ വഴികളുണ്ടെന്ന് എതിരേ കളിക്കുമ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നെന്ന് അക്തർ പറഞ്ഞു. ഫൈസലാബാദിൽ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈമുട്ടിന് പരിക്കുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു. പുൾ, ഹുക്ക് ഷോട്ടുകൾ കളിക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് മനസ്സിലാക്കിയാണ് തുടർച്ചയായി ബൗൺസറുകൾ എറിഞ്ഞ് സച്ചിനെ അന്നു സമ്മര്‍ദ്ദത്തിലാക്കിയത്. പന്തിനെയല്ല പരിക്കിനെയാണ് സച്ചിൻ പേടിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തം.
അധിക്ഷേപിച്ചിട്ടില്ല
സച്ചിനും താനും മത്സര ബുദ്ധിയോടെയാണ് കളിച്ചിരുന്നതെന്ന് ആളുകൾ പറയുമെങ്കിലും പരസ്പരം തങ്ങൾ ഇതുവരെ അധിക്ഷേപിച്ചിട്ടില്ലെന്ന് അക്തർ പറഞ്ഞു. മികച്ച ബാറ്റ്‌സ്മാനെന്ന നിലയിൽ അദ്ദേഹത്തെ താൻ ഏറെ ബഹുമാനിക്കുന്നു. തനിക്കു പറ്റിയ എതിരാളിയായാണ് സച്ചിനെ കണ്ടിരുന്നതെന്നും അക്തർ വ്യക്തമാക്കി.
ഞാൻ ബൗൾ ചെയ്യുമ്പോൾ പല ബാറ്റ്‌സ്മാന്മാരും ഏകാഗ്രത നഷ്ടമാകുമെന്ന് പേടിച്ച് എന്നോട് സംസാരിക്കാറില്ലായിരുന്നു. എന്നാൽ ഒന്നും സച്ചിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയിരുന്നില്ല.
- ഷൊയ്ബ് അക്തർ