സൂരജിന്റെ കുടുംബാംഗങ്ങളുടെ പങ്കും അന്വേഷിക്കുന്നു
കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്‌തപ്പോൾത്തന്നെ, ഉത്രയുടെ സ്വത്തിനൊപ്പം അമ്മ മണിമേഖലയുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ ഭാരിച്ച പങ്ക് കൈക്കലാക്കാനും താൻ ലക്ഷ്യമിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ സൂരജിന്റെ മൊഴി. സർക്കാർ സ്‌കൂൾ അദ്ധ്യാപികയായ മണിമേഖലയ്‌ക്ക് വിരമിക്കുമ്പോൾ ഉദ്ദേശം എത്ര തുക ലഭിക്കുമെന്ന് സൂരജ് പലരോടും രഹസ്യമായി അന്വേഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
50 ലക്ഷത്തിലധികം രൂപ ഇങ്ങനെ ലഭിക്കുമെന്നാണത്രെ സൂരജിനു ലഭിച്ച വിവരം. ഉത്ര മരണപ്പെട്ടു കഴിഞ്ഞാലും കുഞ്ഞിനെ കൂടെ നിർത്തിയാൽ ഈ തുകയുടെ പകുതിക്ക് അവകാശമുന്നയിക്കാനായിരുന്നു സൂരജിന്റെ പദ്ധതി. ഉത്രയെ കൊലപ്പെടുത്താൻ നാലുമാസം മുമ്പേ തീരുമാനിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ സൂരജ് വെളിപ്പെടുത്തി. ആർക്കും സംശയം തോന്നാത്ത രീതിയിൽ ഉത്രയെ വകവരുത്തിയ ശേഷം, സ്വാഭാവിക മരണമെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാനായിരുന്നു ശ്രമം. അതേസമയം, ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ സൂരജിന് സ്വന്തം കുടുംബാംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതോടെ അന്വേഷണം അവരിലേക്കും വ്യാപിപ്പിച്ചു.
മൂന്നു മാസത്തോളം മുമ്പ് മാർച്ച് രണ്ടിന് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതിലും ആശുപത്രിയിലെത്തിക്കാതെ ചികിത്സ വൈകിച്ചതിലും കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്നത്തെ സംഭവത്തെക്കുറിച്ച് സൂരജിന്റെ അമ്മ ചാനലുകളിൽ നിസാരമെന്ന മട്ടിൽ സംസാരിച്ചതാണ് സംശയം ജനിപ്പിച്ചത്. നേരത്തെ വാഗ്ദാനം ചെയ്തിരുന്ന മൂന്നര ഏക്കറോളം വസ്തു എത്രയും വേഗം കൈക്കലാക്കി വിൽക്കുന്നതിനെക്കുറിച്ച് സൂരജ് ആലോചിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.